തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ഏഴായി. 60ലേറെ പേർക്ക് പരിക്കേറ്റു. 77ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ബുധനാഴ്‌ച രാവിലെയാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 25വർഷത്തിനിടെ തായ്‌വാനിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഭൂചലനത്തെ തുടർന്ന് തെക്കൻ ജപ്പാന്റെയും ഫിലിപ്പീൻസിന്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഭൂചലനത്തിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. വരും മണിക്കൂറുകളിൽ തുടർചലനങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ ദൂരെ തെക്ക് 34.8 കിലോമീറ്ററിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും മിയാകോജിമ ദ്വീപ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ (10 അടി) വരെ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പില്‍ പറയുന്നു. തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
English Summary:Taiwan earthquake: Seven dead, many trapped
You may also like this video