Site iconSite icon Janayugom Online

വിദ്യാര്‍ത്ഥിനികള്‍ക്ക് വീണ്ടും താലിബാന്‍ വിലക്ക്

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തില്‍ മലക്കംമറിഞ്ഞ് താലിബാന്‍. ഇസ്‍ലാമിക നിയമം അനുശാസിക്കുന്ന നിയമാവലി തയാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ സ്കൂളില്‍ വരേണ്ടതില്ലെന്നാണ് താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ നിര്‍ദേശം. എല്ലാ ഗേൾസ് ഹൈസ്‌കൂളുകളും ആറാം ക്ലാസിന് മുകളിൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന സ്‌കൂളുകളും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ അടച്ചിടുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാസങ്ങളോളം നീണ്ടുനിന്ന നിയന്ത്രണങ്ങള്‍ക്ക് ശേഷം പെൺകുട്ടികൾ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും ബുധനാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.

എന്നാല്‍ കുട്ടികള്‍ സ്കൂളിലെത്തിയതിന് മണിക്കുറുകള്‍ക്ക് ശേഷം തിരികെ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം, ക്ലാസുകളിലേക്ക് മടങ്ങുന്ന എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. താലിബാന്‍ ഭരണത്തിലായിരുന്ന 1996 മുതല്‍ 2001 വരെ അഫ്ഗാനില്‍ സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചിരുന്നു. ആ സ്ഥിതി തുടരുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി സ്ത്രീ വിദ്യാഭ്യാസം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്‍ അടച്ചിടുമെന്ന പ്രഖ്യാപനത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു.

eng­lish summary;Taliban ban stu­dents again

you may also like this video;

Exit mobile version