Site icon Janayugom Online

കറന്‍സി നിരോധനം: വിദേശ കറൻസികള്‍ ഉപയോഗിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കുമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസികളുടെ ഉപയോഗം നിരോധിച്ച് താലിബാൻ. ഇന്നലെ മുതലാണ് നിരോധനം നിലവിൽ വന്നത്. വിദേശ കറൻസികളുടെ ഉപയോഗം, തകർന്ന സമ്പദ്‌വ്യവസ്ഥ കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ദേശീയ കറൻസിയായ അഫ്ഗാനിയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഇതിന് പുറമെ രാജ്യത്തിന്റെ കരുതൽ ശേഖരം ആഗോളസംഘടനകൾ മരവിപ്പിക്കുകയും ചെയ്തു.

താലിബാനെ ഒരു സർക്കാരായി അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹം വിസമ്മതിച്ചതോടെയായിരുന്നു ഈ നീക്കം. സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ചമൂലം ബാങ്കുകളില്‍ പണത്തിന്റെ അഭാവം നേരിടുന്നതായും താലിബാൻ അധികൃതര്‍ വ്യക്തമാക്കി. താലിബാൻ അധികാരത്തിലെത്തിയ ശേഷവും രാജ്യത്തിനുള്ളിലെ പല ഇടപാടുകളും യുഎസ് ഡോളർ ഉപയോഗിച്ചാണ് നടന്നിരുന്നത്. രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ പാകിസ്ഥാൻ രൂപയും ഉപയോഗിക്കാറുണ്ട്.

എന്നാൽ, ഇനി മുതൽ ആഭ്യന്തര കാര്യങ്ങൾക്ക് വിദേശ കറൻസി ഉപയോഗിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കുമെന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. രാജ്യതാല്പര്യവും, സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് അഫ്ഗാൻ പൗരന്മാർ എല്ലാ വിധ പണമിടപാടുകൾക്കും അഫ്ഗാനി കറൻസി ഉപയോഗിക്കണമെന്നാണ് സബിഹുള്ള മുജാഹിദ് അറിയിച്ചത്.

eng­lish sum­ma­ry: Tal­iban Bans Use Of For­eign Cur­ren­cy In Afghanistan

you may also like this video

Exit mobile version