അഫ്ഗാനിസ്ഥാനിലെ പല മേഖലകളിലെയും ആശുപത്രികളിൽ താലിബാൻ സർക്കാർ ബുർഖ നിർബന്ധമാക്കിയതായി റിപ്പോർട്ട്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലാണ് ഇത്തരത്തിൽ ഒരു നിയമം അവസാനമായി നടപ്പിലാക്കിയത്. ആശുപത്രിയിൽ എത്തുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും രോഗികളും ബൂർഖ ധരിക്കണമെന്നാണ് താലിബാൻ ഉത്തരവ്. നവംബർ 5 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള സ്ത്രീകളെ പോലും ബുർഖ ധരിക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ലെന്നും നിയമം നടപ്പിലാക്കിയതിന് ശേഷം അടിയന്തര ചികിത്സകൾ 28% കുറഞ്ഞതായും എം എസ് എഫ് വ്യക്തമാക്കി.
ചില ആശുപത്രികളുടെ കവാടത്തിൽ താലിബാൻ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും അവർ ബുർഖ ധരിക്കാത്ത സ്ത്രീകളെ അകത്തേക്ക് കടത്തി വിടുന്നില്ലെന്നും എം എസ് എഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് താലിബാൻ. ആശുപത്രിയിൽ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് പടരുന്ന വാര്‍ത്തകൾ വ്യാജമാണെന്നാണ് താലിബാൻ്റെ അവകാശവാദം. അതാത് സ്ഥലങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

