സ്‌ത്രീകൾ കഥാപാത്രങ്ങളാകുന്ന ടെലിവിഷൻ പരിപാടികളുടെ സംപ്രേഷണം നിർത്തിവെക്കാൻ ടെലിവിഷൻ ചാനലുകൾക്ക് താലിബാന്റെ നിർദേശം. താലിബാൻ സർക്കാരിന് കീഴിലെ സദാചാര മന്ത്രാലയമാണ് മാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ടെലിവിഷൻ വാർത്താ ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ നിർബന്ധമായും ഹിജാബ് ധരിക്കണമെന്നും നിർദേശമുണ്ട്. സിനിമകളിലോ നാടകങ്ങളിലോ സ്‌ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. പുരുഷന്മാർ നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്‌ത്രം ധരിച്ച് മാത്രമേ ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികൾ അവതരിപ്പിക്കാൻ പാടുള്ളു.
മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പ്രക്ഷേപണം ചെയ്യാന്‍ പാടില്ല. ഇസ്‌ലാമിന്റെയോ അഫ്‌ഗാനിസ്ഥാന്റെയോ മൂല്യങ്ങൾക്ക് നിരക്കാത്തതോ മുഹമ്മദ് നബിയോ മറ്റ് ആദരണീയ വ്യക്തിത്വങ്ങൾ കഥാപത്രങ്ങളോ ആകുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ട്. എന്നാല്‍ ഇതൊരു നിയമമല്ല, മതപരമായ നിർദേശങ്ങളാണെന്നാണ് മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്.
സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തവും തൊഴില്‍ സാധ്യതയും നല്‍കുമെന്നായിരുന്നു അധികാരം പിടിച്ചെടുത്ത നാളുകളില്‍ താലിബാന്റെ വാഗ്‍ദാനം. എന്നാല്‍ ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ എത്തിയതിന് പിന്നാലെ സ്‌ത്രീകൾക്ക് വസ്‌ത്രധാരണത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സ്‌ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിനു പകരം ‘നന്മയുടെയും തിന്മയുടെയും’ മന്ത്രാലയവും സ്ഥാപിക്കുകയും ചെയ്തു. കൂടാതെ മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും നിരവധി അഫ്ഗാൻ പത്രപ്രവർത്തകരെ ഇതിനോടകം മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ട് പതിറ്റാണ്ടുകളായുള്ള അഫ്ഗാനിലെ മാധ്യമങ്ങളുടെ വളർച്ച തടയുന്ന രീതിയിലാണ് നിലവില്‍ ടെലിവിഷന്‍ നെറ്റ്‌വർക്കുകൾക്കായുള്ള താലിബാന്റെ മാർഗനിർദ്ദേശങ്ങള്‍. 2001ൽ താലിബാന്‍ ഭരണം അവസാനിച്ചതിനു ശേഷം, പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെയും സ്വകാര്യ നിക്ഷേപങ്ങളോടും കൂടി ഡസൻ കണക്കിന് ടെലിവിഷൻ ചാനലുകളും റേഡിയോ സ്റ്റേഷനുകളുമാണ് അഫ്ഗാനില്‍ സ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ അമേരിക്കൻ ഐഡൽ ശൈലിയിലുള്ള ആലാപന മത്സരം മുതൽ മ്യൂസിക് വീഡിയോകൾ വരെ, പ്രക്ഷേപണം ചെയ്തിരുന്നു.
english summary; Taliban urge women not to act
you may also like this video ;