Site icon Janayugom Online

2000 കോടിയുടെ ലഹരിമരുന്ന് കടത്ത്: ആസൂത്രകന്‍ തമിഴ് സിനിമാ നിര്‍മ്മാതാവ്

ഡല്‍ഹിയില്‍ 2000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലെ ആസൂത്രകന്‍ തമിഴ് സിനിമാ മേഖലയിലെ വമ്പന്‍ നിര്‍മ്മാതാവാണെന്ന് അന്വേഷണ സംഘം. എന്‍സിബിയും ഡല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്. അന്താരാഷ്ട്ര സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവരുടെ വിപണനമെന്ന് അന്വേഷണ സംഘം പറഞ്ഞു. 50 കിലോ മാരക മയക്കുമരുന്ന് സ്യൂഡോഫെഡ്രിനുമായി ഡല്‍ഹിയില്‍ പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്.

അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപ വിലവരുന്ന 3500 കിലോ സ്യൂഡോഫെഡ്രിനാണ് ഇത്തരത്തില്‍ പലതവണകളായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. മുഖ്യ ആസൂത്രകനായ നിര്‍മ്മാതാവ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയന്‍ കസ്റ്റംസുമായി സഹകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം.

അപകടകരവും ഉയര്‍ന്ന ആസക്തിയുള്ളതുമായ സിന്തറ്റിക് മയക്കുമരുന്നാണ് സ്യൂഡോഫെഡ്രിന്‍ ഇവയ്ക്ക് ഇന്ത്യയില്‍ നിയന്ത്രണമുണ്ട്. ഈ രാസവസ്തുവിന്റെ ഉല്പാദനം, കൈവശംവയ്ക്കല്‍, വ്യാപാരം, കയറ്റുമതി, ഉപയോഗം എന്നിവ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഹെല്‍ത്ത് മിക്സ് പൗഡര്‍, കോക്കനട്ട് പൗഡര്‍ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്ക്കാണ് സ്യൂഡോഫെഡ്രിന്‍ വില്‍ക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

Eng­lish Sum­ma­ry: Tamil film pro­duc­er ‘mas­ter­mind’ of ₹2,000 crore drug traf­fick­ing racket
You may also like this video

Exit mobile version