Site iconSite icon Janayugom Online

ദ്രാവിഡ ഒഴിവാക്കി തമിഴ്നാട് ഗവര്‍ണര്‍: പ്രതിഷേധം കത്തുന്നു

തമിഴ്നാട്ടില്‍ വീണ്ടും മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര് രൂക്ഷമായി. ഗവർണർ ആർ എൻ രവി പങ്കെടുത്ത ചടങ്ങിൽ തമിഴ് ദേശീയ ഗാനം ആലപിച്ചപ്പോൾ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരോപിച്ചു. ഗവർണർ ദേശീയ ഐക്യത്തെ അവഹേളിച്ചതായും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും കേന്ദ്രത്തോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിലായിരുന്നു സംഭവം. എല്ലാ സർക്കാർ പരിപാടികളുടെയും തുടക്കത്തിൽ തമിഴ് ഗാനമായ തമിഴ് തായ് വാഴ്ത്ത് ആലപിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെയാണ് ‘ദ്രാവിഡ’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. ദൂരദർശനിലെ ഗായകസംഘം തമിഴ് ദേശീയഗാനം ആലപിക്കുമ്പോൾ ദ്രാവിഡ എന്ന വാക്കുള്ള വരി ഒഴിവാക്കുകയായിരുന്നു. 

ഗവര്‍ണറുടെ നടപടിയോട് ശക്തമായ ഭാഷയിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ദ്രാവിഡ അലർജിയുള്ള ഗവർണർ തമിഴ്‌നാടിനെയും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരത്തെയും ബോധപൂർവം അപമാനിക്കുകയാണെന്നും സ്റ്റാലിൻ എക്സില്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇത് കൂടുതല്‍ ആളിക്കത്തിച്ചുകൊണ്ടുള്ളതാണ് ഗവര്‍ണറുടെ പുതിയ നടപടി.
പരിപാടിയില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പ്രസംഗവും തമിഴ്നാടിനെ പൊതുവേ ആക്ഷേപിച്ചുകൊണ്ടായിരുന്നു. . തമിഴ്‌നാടിനെ ഇന്ത്യയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സര്‍വകലാശലകളില്‍ നിന്ന് സംസ്‌കൃതം ഒഴിവാക്കി. ഇതു വിഘടനവാദികളുടെ അജണ്ടയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. 

ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചിരുന്നു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണിതെന്ന് സ്റ്റാലിൻ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുതെന്നും നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നുണ്ട്. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തുകയും ചെയ്തു. ഗവർണർക്കെതിരെ ഗോ ബാക്ക് വിളികളും ഉണ്ടായി. 

Exit mobile version