Site iconSite icon Janayugom Online

കേന്ദ്രവുമായി തമിഴ്‌നാട് തുറന്ന യുദ്ധത്തിലേക്ക്

ദേശീയ വിദ്യാഭ്യാസ നയം, ഫണ്ട് വിതരണത്തിലെ പക്ഷാപാതം തുടങ്ങിയ മോഡി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ തമിഴ‍്നാട് തുറന്നയുദ്ധത്തിലേക്ക്. കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ സംസ്ഥാനത്ത് നിന്ന് നല്‍കുന്ന നികുതി തടഞ്ഞുവയ്ക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. ഫെഡറലിസം എന്നാല്‍ കൊടുക്കല്‍ വാങ്ങലുകളാണ് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ‍്തു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടുള്ള പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനാല്‍ തമിഴ‍്നാടിന് 5,000 കോടി നഷ്ടമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്‍ തിരിച്ചടിച്ചത്. മോഡി സര്‍ക്കാര്‍ അസൂയ കൊണ്ടാണ് സംസ്ഥാന വികസനം തടസപ്പെടുത്തുന്നത്. ഫണ്ട് കുടിശിക സമയബന്ധിതമായി വിതരണം ചെയ്യാതെ സംസ്ഥാന നികുതികള്‍ ക്രമീകരിക്കാന്‍ കേന്ദ്രത്തെ അനുവദിക്കുന്നതാണ് ചരക്ക് സേവന നികുതിയെന്നും വിമര്‍ശിച്ചു. തമിഴ്‌നാടിനായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം വിസമ്മതിക്കുന്നു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതികള്‍ക്ക് പോലും ഫണ്ട് അനുവദിക്കുന്നില്ല. 

തമിഴരുടെ ആത്മാഭിമാനത്തെ പ്രകോപിപ്പിക്കരുതെന്നും സംസ്ഥാന വിരുദ്ധമായ ഒരു അജണ്ടയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും ത്രിഭാഷാ നയത്തിന്റെയും സ്വീകാര്യതയുമായി കേന്ദ്ര ഫണ്ടുകളെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തമിഴ‍്നാട്ടില്‍ വളരെക്കാലമായി ദ്വിഭാഷാ നയമാണ് നടപ്പാക്കുന്നത്. അതിനാല്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും ഫെഡറലിസത്തിന്റെ അന്തസത്തയ്ക്കും വേണ്ടി ഫണ്ട് അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ മറവില്‍ രാജ്യത്തെ വൈവിധ്യമാര്‍ന്ന സാംസ്കാരിക ആവാസവ്യവസ്ഥ തകര്‍ക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം ശ്രമിക്കുന്നത്. സാമൂഹ്യനീതി അട്ടിമറിക്കുന്ന നയമാണിത്. സംസ്ഥാനത്തെ എസ‍്സി, എസ‍്ടി, ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവരുടെ പുരോഗമനം തടസപ്പെടുമെന്നും പറഞ്ഞു. 

എന്‍ഇപി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ തമിഴ്‌നാടിന് തടഞ്ഞുവച്ച ഫണ്ടുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തമിഴ്‌നാടിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. 2024–25 സാമ്പത്തിക വര്‍ഷം സമഗ്ര ശിക്ഷാ അഭിയാന്‍ പ്രകാരം അംഗീകരിച്ച ഫണ്ട് വിഹിതമായ 2,152 കോടി ഉടന്‍ അനുവദിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
ചലച്ചിത്ര നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും സ്റ്റാലിനെ പിന്തുണച്ച് രംഗത്തെത്തി. ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ നഷ്ടപ്പെട്ടവരാണ് തമിഴരെന്നും ഏത് ഭാഷയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ടെന്നും പാര്‍ട്ടി സ്ഥാപകദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ കമൽ ഹാസൻ പറഞ്ഞു. 

Exit mobile version