Site iconSite icon Janayugom Online

മകനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കരുണാനിധി; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ജയലളിതയും, വ്യത്യസ്ത പ്രചരണവുമായി തമിഴ്നാട്ടിലെ നേതാക്കള്‍

tNtN

തമിഴ്നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘മരിച്ച നേതാക്കള്‍’ വരെ രംഗത്ത്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുന്ന പുതിയ നേതാക്കള്‍, ജനങ്ങളുടെ പ്രിയ നേതാക്കളെ രംഗത്തിറക്കിയത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. ഡീപ്ഫേക്ക് സാങ്കേതിക വിദ്യയിലൂടെ മരിച്ച രാഷ്ട്രീയ നേതാക്കളുടെ ശബ്ദത്തിലൂടെ വോട്ടഭ്യര്‍ത്ഥന നടത്തിയാണ് പുതിയ പ്രചാരണം. ഈ നൂതന പ്രചാരണ തന്ത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

2016ൽ അന്തരിച്ച ജയലളിതയെയും 2018ൽ അന്തരിച്ച എം കരുണാനിധിയെയുടെയും വീഡിയോ സന്ദേശങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാനാണ് പുതിയ നേതാക്കളുടെ ശ്രമം. കരുണാനിധി, മകനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ ഭരണത്തെയും അദ്ദേഹം നടപ്പിലാക്കിയ പദ്ധതികളെയും അഭിനന്ദിക്കുകയും ജയലളിത സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്നു. 

താരതമ്യേന ചെലവുകുറഞ്ഞ പുതിയ പ്രചാരണരീതി, പരമ്പരാഗതരീതിയെ പൊളിച്ചടുക്കുക മാത്രമല്ല വേഗത്തില്‍ വോട്ടര്‍മാരിലേക്കെത്താനും സ്വാധീനം ചെലുത്തുന്നതിനും സഹായകമാണെന്നാണ് പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതേസമയം നിർമിത ബുദ്ധി ഉപയോഗിച്ച് വോട്ടർമാരെ കബളിപ്പിക്കുന്നത് ഒരു തെറ്റായി ഒരു പാർട്ടിയും കാണുന്നില്ല. മറിച്ച് പ്രചരണ തന്ത്രം മാത്രമായി പാർട്ടികൾ ഇതിനെ നിസാരവത്കരിക്കുകയാണ്.

ഭൂരിഭാഗം ആളുകളും എഐ ഉപയോഗപ്പെടുത്തുന്നത് വസ്തുതകളെ വളച്ചൊടിക്കുവാൻ വേണ്ടിയാണ്. ഒട്ടും സത്യമില്ലാത്ത വീക്ഷണങ്ങൾ സൃഷ്ടിച്ചെടുക്കുകയാണ് എഐയിലൂടെ. ഇതിനിടെ ഇന്ത്യയിലെ സാമൂഹ്യ മാധ്യമങ്ങളുടെ നുഴഞ്ഞുകയറ്റവും നിർമിത ബുദ്ധിയിലെ വളർച്ചയും തെരഞ്ഞെടുപ്പുകളിൽ നിന്ന് സത്യത്തെ അപ്പാടെ അകറ്റിക്കളയുമോ എന്ന ആശങ്കയും ശക്തമാണ്. 

ഡീപ്‌ഫേക്കുകൾ ജനാധിപത്യത്തിനും സാമൂഹിക സ്ഥാപനങ്ങൾക്കും ഗുരുതരമായ ഭീഷണിയാണെന്ന് വാർത്താവിനിമയ ബിജെപി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. എന്നാല്‍ അതേ ബിജെപി ആണ് ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാങ്കേതികവിദ്യ കൊണ്ടുവരുന്നതും. 2014ൽ, അധികാരത്തിൽ വന്ന വർഷം തന്നെ മോഡി 3ഡി പ്രൊജക്ഷനുകളിലൂടെ റാലികളിൽ മറ്റും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നുവെന്നതും മറ്റൊരു വൈരുദ്ധ്യമാണ്. 

Eng­lish Sum­ma­ry: Tamil Nadu lead­ers with vari­ety elec­tion campaigning

You may also like this video

Exit mobile version