നഗരത്തില്‍ കൈക്കു താഴെ മുറിവേറ്റു ദുരൂഹ സാഹചര്യത്തില്‍ തമിഴ്നാട് സ്വദേശി മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. തമിഴ്നാട് സ്വദേശി നടരാജനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടരാജനൊപ്പം തെരുവിൽ കിടന്നുറങ്ങാറുള്ള ഒരാളെ കേന്ദ്രീകരിച്ച് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷനായിട്ടുണ്ട്.
ഏകദേശം 55 വയസ് തോന്നിക്കുന്ന നടരാജനെ ഞായറാഴ്ച വൈകിട്ട് ആറരയോടെ കടവന്ത്ര ഒലീവ് ടവറിനു മുന്നിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇയാളെ ഉടന്‍ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കക്ഷത്തിനു താഴെ ആഴത്തിലാണ് മുറിവേറ്റിരിക്കുന്നത്.
നടരാജന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. നഗരത്തില്‍ ആക്രിക്കച്ചവടം നടത്തിയും ലോട്ടറി വിറ്റുമായിരുന്നു ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്. തെരുവിലായിരുന്നു അന്തിയുറക്കം. ഇയാള്‍ക്കൊപ്പം അന്തിയുറങ്ങാറുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നടരാജന്റെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും എറണാകുളം സൗത്ത് അസി. പൊലീസ് കമ്മിഷണര്‍ വൈ നിസാമുദീന്‍ പറഞ്ഞു.
english summary; Tamil Nadu native killed in road mishap; The search for the culprit continues
you may also like this video;