Site iconSite icon Janayugom Online

ദ്വിഭാഷാ നയത്തില്‍ ഉറച്ച് തമിഴ്‌നാട് സ്ക്കള്‍ വിദ്യാഭ്യാസ നയരേഖ

തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ നയരേഖ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. സ്കൂളുകളിൽ തമിഴും ഇംഗ്ലീഷും മുഖ്യ ഭാഷകളായി പഠിപ്പിക്കുക എന്ന സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം ആവർത്തിച്ചു. ജൂലയ് 31 ന് അഞ്ച് വയസ് പൂർത്തിയാവുന്ന കുട്ടികൾക്ക് വിദ്യാലയ പ്രവേശനം നൽകാനും നയ രേഖ നിഷ്കർഷിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ ആറ് വയസാണ് നിർദേശിച്ചിട്ടുള്ളത്. തമിഴ്‌നാടിന്റെ തനതായ സ്വഭാവം മനസ്സിൽ വെച്ചുകൊണ്ടാണ് ഈ നയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഒരു ദർശനത്തോടെ വിദ്യാർത്ഥികളെ ഭാവിയിലേക്ക് സജ്ജമാക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യമെന്നും സ്റ്റാലിൻ പറഞ്ഞു.

മനഃപാഠമാക്കുന്നതിനുപകരം പകരം വിദ്യാർത്ഥികളെ ചിന്തിക്കാനും പ്രവർത്തിക്കാനും സഹായിക്കുക.വിദ്യാർത്ഥികളെ സർഗ്ഗാത്മകരാക്കുക, വിദ്യാഭ്യാസത്തെ ശാരീരിക പരിശീലനവുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും പ്രഖ്യാപിച്ചു.വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് തിരികെ കൊണ്ടുവരണമെന്നുള്ള തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ദേശീയതല പ്രവേശന പരീക്ഷകൾ നിർത്തലാക്കാൻ നയം ആവശ്യപ്പെടുന്നുണ്ട്. 

പകരം 9, 10 ക്ലാസുകളിലെ ഏകീകൃത മാർക്ക് കണക്കാക്കി, അതിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തണമെന്ന് നിർദ്ദേശിക്കുന്നു.ജസ്റ്റിസ് ഡി മുരുകേശൻ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നയ രൂപീകരണം പൂർത്തിയാക്കിയത്. 2022 ലാണ് ഇതിനായി കമ്മിറ്റി രൂപീകരിച്ചത്.പ്രകാശന ചടങ്ങിൽ മന്ത്രിമാരായ എം. സുബ്രഹ്മണ്യൻ, പി.കെ. ശേഖർബാബു, ഗോവി. ചെഴിയാൻ, അൻബിൽ മഹേഷ് പൊയ്യമൊഴി, ചെന്നൈ മേയർ ആർ. പ്രിയ, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Exit mobile version