Site iconSite icon Janayugom Online

താരിഫ് ബോംബ്; ഇന്ത്യക്കെതിരെ യുഎസിന്റെ കടുത്ത നടപടി

ഇന്ത്യക്കെതിരെ വീണ്ടും യുഎസിന്റെ താരിഫ് ആക്രമണം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ 25% അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ആദ്യം പ്രഖ്യാപിച്ച 25% തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 25% അധിക തീരുവ മൂന്നാഴ്ചയ്ക്കുശേഷം പ്രാബല്യത്തിലാകും. ദേശസുരക്ഷയും വിദേശനയ ആശങ്കകളും വ്യാപാര നിയമങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് നടപടിയെന്ന് വൈറ്റ്ഹൗസ് ഉത്തരവില്‍ പറയുന്നു. ഉക്രെയ്നിൽ റഷ്യയുടെ നടപടികൾക്ക് മറുപടിയായി പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയെ പരാമർശിച്ച എക്സിക്യൂട്ടീവ് ഉത്തരവ് 14066‑ന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കെതിരായ നടപടി. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി അമേരിക്കയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വെല്ലുവിളിയാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ നടപടിക്ക് മറുപടിയായി യുഎസിനെതിരെ പ്രതികാരം ചെയ്താല്‍ ഫലപ്രാപ്തി ഉറപ്പാക്കിക്കൊണ്ട് ഉത്തരവ് പരിഷ്കരിച്ചേക്കാമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

പുതിയ പ്രഖ്യാപനത്തോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന തീരുവ നിരക്ക് ഇന്ത്യക്കായി മാറി. കഴിഞ്ഞയാഴ്ച 25% തീരുവ പ്രഖ്യാപിച്ചത് ഇന്ത്യൻ കയറ്റുമതി മേഖലയെ സമ്മർദത്തിലാക്കിയിരുന്നു. പാകിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ അയൽ രാജ്യങ്ങളെക്കാളും കയറ്റുമതി രംഗത്തെ എതിരാളികളായ വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തൊനേഷ്യ തുടങ്ങിയവയെക്കാളും ഉയർന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യക്കുമേൽ ആദ്യഘട്ടത്തില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നത്. തീരുവ വർധന ഇന്ത്യയുടെ കയറ്റുമതി മേഖലകളെ, പ്രത്യേകിച്ച് ഫാർമ, ആഭരണം, തുണിത്തരങ്ങൾ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, ഓപ്പൺ മാർക്കറ്റിൽ മറിച്ചുവിറ്റ് വലിയ ലാഭവും നേടുകയാണെന്ന് ട്രംപ് ആരോപിക്കുന്നു. ‘ഇന്ത്യ യുഎസിന്റെ സുഹൃത്താണ്, പക്ഷേ അവർ ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ്. യുഎസ് ഇന്ത്യയുമായി കാര്യമായ വ്യാപാരം നടത്തുന്നില്ല, കാരണം അവരുടെ തീരുവയും വ്യാപാര തടസങ്ങളും അസഹനീയമാണെ‘ന്നും ട്രംപ് പലതവണ ആവര്‍ത്തിച്ചിരുന്നു.

അനീതിയെന്ന് ഇന്ത്യ

പ്രതികാര തീരുവ 50 ശതമാനമാക്കിയ നടപടി അനീതിയും അധര്‍മ്മവുമാണെന്ന് ഇന്ത്യ. വിഷയത്തില്‍ രാജ്യത്തിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും വിപണിഘടകങ്ങള്‍ അനുസരിച്ചാണ് ഇറക്കുമതി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിലുപരി 140 കോടി ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പ്രസ്താവനയില്‍ പറയുന്നു.
മറ്റ് രാജ്യങ്ങള്‍ അവരുടെ നിലപാട് സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കുമേല്‍ യുഎസ് അധിക തീരുവ ചുമത്തുന്നത്. രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നേരത്തെ യുഎസിന്റേത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യ മറുപടി നല്‍കിയിരുന്നു.

Exit mobile version