രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവര്‍ക്ക് നല്‍കിയ നികുതിയിളവ് വഴി ഖജനാവിന് നഷ്ടമായത് 11,812.98 കോടി രൂപ. 2015 മുതല്‍ 24 വരെയുള്ള ഒരു ദശകത്തിനിടെയാണ് ഭീമമായ തുക നികുതിയിളവ് വഴി ചോര്‍ന്നത്. കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവിലെ മുതിര്‍ന്ന ഗവേഷകനായ വെങ്കിടേഷ് നായക് നടത്തിയ പഠനത്തിലാണ് അമ്പരപ്പിക്കുന്ന വിവരമുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതില്‍ വ്യക്തിഗത ദാതാക്കളും ഹിന്ദു അവിഭക്ത കുടുംബങ്ങളും (എച്ച്‌യുഎഫ്) ഏറെ മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രസീത് ബജറ്റ് രേഖ (അനുബന്ധം ഏഴ്), തെരഞ്ഞെടുപ്പ് കമ്മിഷന്‍, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ ആസ്പദമാക്കിയായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിവാദ ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി നിരോധിച്ച ശേഷം നടത്തിയ പരിശോധനയിലാണ് നികുതിയിളവ് വഴിയുള്ള ധനച്ചോര്‍ച്ച പുറത്തുവന്നത്. 2022–23ല്‍ വ്യക്തിഗത ദാതാക്കള്‍ 2,275.85 കോടി രൂപയുടെ നികുതിയിളവാണ് നേടിയെടുത്തത്. അതേസമയം കോര്‍പറേറ്റ് ക്ലെയിമുകള്‍ 514.4 കോടിയും, സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവ 115.71 കോടിയും ഇളവ് നേടി. 2023–24ലും വ്യക്തിഗത ഇളവുകള്‍ 78.3 ശതമാനം വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015നും 24നും ഇടയില്‍ വ്യക്തിഗത എച്ച്‌യുഎഫ് ഇളവുകള്‍ 66.1 കോടി രൂപയില്‍ നിന്ന് 2,275.85 കോടിയായി ഉയര്‍ന്നു. കോര്‍പറേറ്റ് ക്ലെയിമുകളില്‍ വന്‍തോതില്‍ ചാഞ്ചാട്ടമുണ്ടാവുകയും ചെയ്തു.
പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന 2015–16ല്‍ 714 കോടി രൂപയായിരുന്നത് (43 പാര്‍ട്ടികള്‍) 2023–24 ലെത്തിയപ്പോള്‍ 7,203 (27 പാര്‍ട്ടികള്‍) കോടിയായി. മൊത്തം സംഭാവനകളുടെ 41.76 ശതമാനം നികുതിയിളവാണ് വ്യക്തികളും എച്ച്‌യുഎഫും അവകാശപ്പെട്ടത്. 100 ശതമാനം നികുതിയിളവ് അവകാശപ്പെടാമെന്നിരിക്കെ ഭൂരിഭാഗം ദാതാക്കളും ഇത് അവകാശപ്പെടാത്തത് ദുരൂഹമാണെന്നും നായക് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പേരില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അദൃശ്യമായി നേട്ടം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. നികുതിയിളവ് ലഭിച്ച ദാതാക്കളുടെ പേര് വിവരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ആദായ നികുതി വകുപ്പ് മറുപടി നല്‍കാത്തതും സംശയാസ്പദമാണ്. സംഭാവന നല്‍കുന്ന 58 ശതമാനം ദാതാക്കളും ഇളവുകള്‍ അവകാശപ്പെടാത്തത് എന്തുകൊണ്ടാണെന്നും വെളിപ്പെടുത്തണം. ഇളവുകള്‍ ലഭിച്ച വ്യക്തിഗത-എച്ച്‌യുഎഫ് ദാതാക്കളുടെ രേഖ പരസ്യമാക്കണമെന്നും വെങ്കിടേഷ് നായക് പറഞ്ഞു.

