സംവരണ വിഭാഗത്തിന് അധ്യാപക യോഗ്യത പരീക്ഷ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള എന്‍എസ്എസ് ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് യോഗ്യത പരീക്ഷ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയത്. യോഗ്യതാ പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രം അധ്യാപക നിയമനം എന്ന നിബന്ധനയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഓരോ പേപ്പറിനും 35 ശതമാനം മാര്‍ക്കും രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 45 ശതമാനം മാര്‍ക്കും ലഭിച്ചാല്‍ യോഗ്യത പരീക്ഷാ കടമ്പ കടക്കാം. പട്ടിക‑ഭിന്നശേഷിക്കാര്‍ക്ക് ഇത് രണ്ടു പേപ്പറിനും ചേര്‍ത്ത് ആകെ 40 ശതമാനവും മാര്‍ക്ക് ലഭിച്ചാല്‍ പരീക്ഷ വിജയിക്കാമെന്ന മാനദണ്ഡമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇതിനെതിരെയാണ് എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്.
പരാതി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. 2013ലെ സര്‍ക്കാര്‍ വിജ്ഞാപനം സംബന്ധിച്ച് 2014ല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലുമായി ബന്ധപ്പെട്ട അപേക്ഷയാണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഹര്‍ജി അപ്രസക്തമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി നിരാകരിച്ചത്.
English Summary:Teacher Eligibility Test Criteria; The Supreme Court dismissed the petition
You may also like this video