Site iconSite icon Janayugom Online

ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ലാസുകാരിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്പെൻഷൻ. ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ അധ്യാപകനെതിരെയാണ് നടപടി.

അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിനിയെ അധ്യാപകൻ അടിച്ചതെന്നാണ് പരാതി. കുട്ടിയെ നിലത്തിരുത്തുകയും ചൂരൽ വടി ഉപയോഗിച്ച് തല്ലുകയുമായിരുന്നു. വിദ്യാർത്ഥിനിക്ക് ഇതിനുമുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ കുട്ടിയുടെ കൈയ്യിൽ ബോധപൂർവ്വം താൻ മർദിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അധ്യാപകൻ പൊലീസിന് നൽകിയ മൊഴി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ആറന്മുള പൊലീസ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Teacher sus­pend­ed for beat third stan­dard stu­dent in pathanamthitta
You may also like this video

Exit mobile version