Site icon Janayugom Online

അധ്യാപകരില്ല: വിദ്യാഭ്യാസ സമ്പ്രദായത്തെ മഹാമാരി പോലെ ബാധിച്ച് പുതിയ പ്രശ്നം വളരുന്നുവെന്ന് യുനെസ്കോ

വർധിച്ചു വരുന്ന അധ്യാപക ഒഴിവുകളും സാങ്കേതികവിദ്യയുടെ അഭാവവും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മഹാമാരി പോലെ ബാധിക്കുന്നുവെന്ന് യുനെസ്കോ റിപ്പോർട്ട്. കോവിഡിനെ തുടർന്ന് ഒരു വർഷത്തോളമായി അധ്യയനം ഓൺലൈനിലൂടെയാണ് നടക്കുന്നതെങ്കിലും 2019–20 കാലയളവിൽ രാജ്യത്തെ 22.3 ശതമാനം സ്കൂളുകളിൽ മാത്രമേ ഇന്റർനെറ്റ് സൗകര്യങ്ങളുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ മഹാമാരിയെ തുടർന്ന് വിദ്യാഭ്യാസ സമ്പ്രദായത്തിൽ പെട്ടെന്നുണ്ടായ മാറ്റം നിരവധി വിദ്യാർത്ഥികളുടെ പഠനത്തെ ഗുരുതരമായി ബാധിച്ചുവെന്നും ‘നോ ടീച്ചേഴ്സ്, ‘നോ ക്ലാസ്’ എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 26 ശതമാനത്തിന് മാത്രമാണ് ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നത്. ഗ്രാമീണ മേഖലയിൽ‑14 ശതമാനം, നഗര മേഖലയിൽ 42 ശതമാനം എന്നിങ്ങനെയാണ് കണക്ക്. അതേസമയം ഡെസ്ക്ടോപ്, ലാപ്ടോപ്, ഉൾപ്പെടെയുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങൾ ഉള്ളത് 22 ശതമാനം സ്കൂളുകളിൽ മാത്രമാണ്. ഗ്രാമീണ, നഗര മേഖലകളിൽ ഇത് യഥാക്രമം 18,43 ശതമാനമാണ്. 30 ശതമാനം അധ്യാപകർ സ്വകാര്യ അൺഎയ്ഡഡ് മേഖലയിലും 50 ശതമാനം പേർ സർക്കാർ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. അടുത്ത വർഷങ്ങളിലായി അധ്യാപകരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും സെക്കൻഡറി സ്കൂളുകളിൽ വിദ്യാർത്ഥി-അധ്യാപക അനുപാതത്തിൽ അന്തരം വളരെ വലുതാണ്.

സ്പെഷ്യൽ എജ്യൂക്കേഷൻ, സംഗീതം, കല, കായിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അധ്യാപകരുടെ എണ്ണം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിൽ ഭൂരിപക്ഷവും ഏകാധ്യാപക സ്കൂളുകളാണ്. അതേസമയം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യതയും വിന്യാസവും ഉറപ്പാക്കാൻ പ്രത്യേക ശ്രമങ്ങൾ ആവശ്യമാണെന്നും നിർദ്ദേശിക്കുന്നു. 1.1 ലക്ഷം സ്കൂളുകളിൽ ഒരു അധ്യാപകൻ മാത്രമാണ് ഉളളത്. 11.16 ലക്ഷം (19 ശതമാനം) അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 69 ശതമാനം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നത് ഗ്രാമീണ മേഖലയിലാണ്.

സർക്കാർ, സ്വകാര്യ മേഖലകളിൽ ഹ്രസ്വ കരാറുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മറ്റ് അധ്യാപകരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്. മാത്രമല്ല ഇവർക്ക് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല. അതുകൊണ്ടുതന്നെ പൊതു, സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ തൊഴിൽ വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടിമുടി മാറ്റം കൊണ്ടുവരണമെന്നും യുനെസ്കോ നിർദ്ദേശിക്കുന്നു.

ENGLISH SUMMARY:Teacher vacan­cies and lack of tech­nol­o­gy are hold­ing back Indi­an education
You may also like this video

Exit mobile version