ആയിരങ്ങളുടെ അന്ത്യോപചാരവും ഏറ്റുവാങ്ങി മിഥുന്‍ മടങ്ങി. വൈദ്യുതാഘാതമേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർഥി മിഥുന്റെ (13) മൃതദേഹം പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അനുജൻ സുജിൻ അന്ത്യകർമങ്ങൾ ചെയ്തു.
മിഥുൻ പഠിച്ച സ്കൂളിൽ രാവിലെ നടന്ന പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീടായ മനുഭവനത്തിൽ എത്തിച്ചത്. അതിവൈകാരിക നിമിഷങ്ങളായിരുന്നു സ്കൂളിലും വീട്ടിലും. കണ്ണീരടക്കാനാകാതെ നിന്ന വീട്ടുകാരെയും സുഹൃത്തുക്കളെയും നാടിന് ആശ്വസിപ്പിക്കാനായില്ല. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകളാണ് മിഥുനെ അവസാനമായി കാണാൻ ഒഴുകിയെത്തിയത്.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ സുജ ശനി രാവിലെയാണ് എത്തിയത്. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ് ലൈനിൽ പിടിച്ചതാണ് അപകടകാരണം. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

