ഉത്തരാഖണ്ഡിലെ വികാസ് നഗറില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധു ക്രൂരമായി കൊലപ്പെടുത്തി. കോട്‌വാലി പരിധിയിലുള്ള ധാലിപ്പൂരിലെ ശക്തി കനാലിന് സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ വിരലുകളും മൂക്കും അറുത്തുമാറ്റിയ നിലയിലായിരുന്നു. കല്ല് ഉപയോഗിച്ച് തല തകർത്തിരുന്നു. രക്തത്തിൽ കുതിർന്ന നിലയിലാരുന്നു മൃതദേഹം.
ബന്ധുവായ സുരേന്ദ്രയെന്ന യുവാവിനൊപ്പം മരുന്ന് വാങ്ങാനാണ് പെൺകുട്ടി ബൈക്കിൽ പോയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇതിൽ പെൺകുട്ടിയും സുരേന്ദ്രയും ഒരുമിച്ച് ബൈക്കിൽ പോകുന്നത് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂർച്ചയുള്ള അരിവാളിന് സമാനമായ ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.
കൊലപാതകത്തിന് ശേഷം പ്രതി കനാലിൽ ചാടിയിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. എസ്ഡിആർഎഫിന്റെ സഹായത്തോടെ കനാലിൽ തെരച്ചിൽ നടത്തി. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് ഡെറാഡൂൺ എസ്എസ്പി അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതിയെ ഉടൻ പിടികൂടി അർഹമായ ശിക്ഷ നൽകണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

