Site iconSite icon Janayugom Online

നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കിയ നടപടി

അപസര്‍പ്പക കഥകള്‍ പോലെ 2002ലെ ഗുജറാത്ത് കലാപവും അനന്തര സംഭവങ്ങളും നമ്മെ ഭ്രമിപ്പിക്കുകയാണ്. അതില്‍ ഒടുവിലത്തേതായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ ടീസ്ത സെതല്‍വാദിന്റെ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി നടപടിയും അത് റദ്ദാക്കി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് അറസ്റ്റ് ചെയ്യപ്പെട്ട ടീസ്ത സെതല്‍വാദിന് സെപ്റ്റംബറില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അതോടൊപ്പം സ്ഥിരം ജാമ്യത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുവാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് അസാധാരണമായ നടപടികള്‍ ഉണ്ടായതും അതിനെതിരെ ഉടന്‍തന്നെ ടീസ്ത സുപ്രീം കോടതിയെ സമീപിച്ചതും. ഗുജറാത്തിലെ ബിജെപി ഭരണത്തെ നിലനിര്‍ത്തുന്നതില്‍ 2002ലെ ആ വംശഹത്യയുടെ ഫലമായൊഴുകിയ ചോരയും സമര്‍പ്പിക്കപ്പെട്ട ജീവനുകളും കാരണമായിരുന്നുവെന്നത് വസ്തുതയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ രണ്ടായിരത്തോളം പേരാണ് പ്രസ്തുത കലാപത്തില്‍ കൊല്ലപ്പെട്ടത്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവ പരമ്പരകളാണ് അക്കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയത്. ഗര്‍ഭിണിയുടെ നിറവയര്‍ കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്ത് ശൂലത്തില്‍ കുത്തിയ കാപാലികത, ഒരു സ്ത്രീയെ മാറിമാറി ഡസന്‍ കണക്കിനാളുകള്‍ ബലാത്സംഗം ചെയ്ത് കാമഭ്രാന്ത് തീര്‍ത്ത നാളുകള്‍. 250ലധികം പെണ്‍കുട്ടികളും സ്ത്രീകളുമാണ് ബലാത്സംഗത്തിനിരയായത്. നരോദ പാട്യയിലെ കൂട്ടക്കുഴിമാടത്തില്‍ 46 സ്ത്രീകളുടേതുള്‍പ്പെടെ 66 മൃതദേഹങ്ങളാണ് സംസ്കരിച്ചത്.

തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ഭരണ സംവിധാനമാകെ നോക്കുകുത്തികളായി. മഹാത്മാ ഗാന്ധിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഗു ജറാത്ത് ലോകത്താകെ ഇന്ത്യയുടെ നാണക്കേടായി. യഥാര്‍ത്ഥത്തില്‍ 2002ലെ ഗോധ്ര തീവണ്ടി തീവയ്പിലും തുടര്‍ന്നുണ്ടായ കലാപങ്ങളിലും വംശഹത്യയിലും പ്രതികളായവരിലെ മഹാഭൂരിപക്ഷവും കുറ്റവിമുക്തരാക്കപ്പെട്ട പശ്ചാത്തലമാണ് നിലവിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അര ഡസനോളം കേസുകളിലാണ് പ്രതികളെ വെറുതെവിട്ടുള്ള ഉത്തരവുകളുണ്ടായത്. ഗുജറാത്ത് കലാപങ്ങളിലെ ഇരകള്‍ക്കുവേണ്ടി നിരന്തരം പോരാടിയ സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു ടീസ്ത സെതല്‍വാദ്. നരേന്ദ്രമോഡി ഉള്‍പ്പെടെ ഗുജറാത്ത് കലാപക്കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ളവരായിരുന്നു എന്നായിരുന്നു ഇരകളുടെയും അവര്‍ക്കൊപ്പം മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയവരുടെയും വാദം. എന്നാല്‍ നരേന്ദ്ര മോഡി ഉള്‍പ്പെടെ 64 പേര്‍ക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്കുകയായിരുന്നു. ഇതിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഷാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട് അംഗീകരിച്ച് ഹര്‍ജി തള്ളി. ഈ കേസില്‍ ടീസ്തയും കക്ഷി ചേര്‍ന്നിരുന്നു. കലാപം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന ഭരണത്തിന് വീഴ്ചയുണ്ടായെങ്കിലും ഗൂഢാലോചനയായി കാണാനാവില്ലെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. വിധി പുറത്തുവന്നയുടന്‍തന്നെ ടീസ്തയ്ക്കും ആര്‍ ബി ശ്രീകുമാറിനുമെതിരെ ഗുജറാത്ത് പൊലീസ് പ്രതികാര നടപടി ആരംഭിച്ചു.


ഇതുകൂടി വായിക്കൂ: രാജ്യദ്രോഹക്കുറ്റത്തിനായുള്ള പിടിവാശി


കഴിഞ്ഞ വര്‍ഷം ജൂണ്‍ 24ന് വിധിക്ക് തൊട്ടടുത്ത ദിവസം ഉന്നതതലങ്ങളിലുള്ളവര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുകയും കള്ളക്കേസില്‍ കുടുക്കുന്നതിന് ശ്രമിക്കുകയും ചെയ്തെന്നാരോപിച്ച് ഗുജറാത്ത് പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം ടീസ്തയ്ക്കും ശ്രീകുമാറിനും സഞ്ജയ് ഭട്ടിനുമെതിരെ കേസെടുത്താണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് സ്ഥിര ജാമ്യത്തിനായി ടീസ്ത ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം നിലനില്‍ക്കുമ്പോള്‍തന്നെ അത് റദ്ദാക്കി ഉടന്‍ കീഴടങ്ങണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി ജഡ്ജി നിര്‍സാര്‍ ദേശായി ഉത്തരവിട്ടത്. സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള സമയം അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ല. അതുകൊണ്ട് ഉടന്‍തന്നെ ടീസ്ത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രാത്രി വൈകി പ്രത്യേക സിറ്റിങ് നടത്തിയ പരമോന്നത കോടതി ഏഴ് ദിവസത്തേക്ക് ഇടക്കാലജാമ്യം അനുവദിക്കുകയും അറസ്റ്റില്‍ നിന്ന് സംരക്ഷണം അനുവദിക്കുകയുമായിരുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുണ്ടായ അസാധാരണ നടപടികളെ സുപ്രീം കോടതി നിശിതമായാണ് വിമര്‍ശിച്ചത്. ഹൈക്കോടതിയുടെ നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ഹർജിക്കാരിയെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട എന്ത് സാഹചര്യമാണ് നിലവിലുള്ളതെന്നും സുപ്രീം കോടതി ചോദിച്ചു. ടീസ്തയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് ചോദിച്ച സുപ്രീം കോടതി കൊടുംകുറ്റവാളികൾക്ക് വരെ ഇടക്കാലജാമ്യം നൽകുന്നുണ്ടെന്നും നിരീക്ഷിച്ചിരുന്നു. ഗുജറാത്തിലെ പല കോടതികളും നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന പല വിധിപ്രസ്താവങ്ങളും നിരീക്ഷണങ്ങളും സമീപകാലത്ത് നടത്തുകയുണ്ടായി. അതിലൊന്നാണ് ടീസ്തയ്ക്കെതിരായ നടപടി. അതിനെയാണ് പരമോന്നത കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ടീസ്തയുടെ കാര്യത്തില്‍ താല്‍ക്കാലികമാണെങ്കിലും സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഇടപെടല്‍ നീതിന്യായ വ്യവസ്ഥയിലെ പിഴവുകള്‍ തിരുത്തുന്നതിന് അതിനകത്തുനിന്നുതന്നെ ശ്രമങ്ങളുണ്ടാകുമെന്നതിന്റെ സൂചനയും പ്രതീക്ഷയുമാണ്.

Exit mobile version