യുദ്ധകാലാടിസ്ഥാനത്തില്‍ തേജസ് മാര്‍ക്ക് 1എ വിമാനം സേനയില്‍ എത്തിക്കാനുള്ള വ്യോമസേന നീക്കം പ്രതിസന്ധിയില്‍. ഈവര്‍ഷം സേനയില്‍ 18 തേജസ് വിമാനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ തീരുമാനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകില്ല. 2025 മാര്‍ച്ച് 31നകം 18 തേജസ് മാര്‍ക്ക് 1എ വിമാനങ്ങള്‍ ഭാഗമാകുമെന്നായിരുന്നു സൈന്യം പ്രതീക്ഷിച്ചത്. എന്നാല്‍ വിമാന എന്‍ജിന്‍ വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് (ജിഇ) കമ്പനിയുടെ പ്രതിസന്ധി തടസമാകുകയാണ്. എന്‍ജിന്‍ അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് ജനറല്‍ ഇലക്ട്രിക്ക് കമ്പനിക്ക് പിഴ ചുമത്താന്‍ ഇന്ത്യ തീരുമാനിച്ചു.
ജിഇ നിര്‍മ്മിക്കുന്ന എഫ് 404 എന്‍ജിനാണ് തേജസ് ജെറ്റ് യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്നത്. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജിഇയുടെ വാദം. ഇക്കാരണത്താല്‍ രണ്ട് യുദ്ധവിമാനങ്ങള്‍ മാത്രമാകും ഈ വര്‍ഷം സേനയുടെ ഭാഗമാകുക. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം 24 ജെറ്റ് യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള എച്ച്എഎല്ലിന്റെ സ്വപ്ന പദ്ധതിയും എന്‍ജിന്‍ ലഭിക്കാത്തിനെ തുടര്‍ന്ന് അവതാളത്തിലായി. വിമാന ഭാഗങ്ങള്‍ യഥാസമയം ലഭ്യമാക്കുമെന്ന ജിഇ കമ്പനിയുടെ ഉറപ്പനുസരിച്ചാണ് പ്രതിവര്‍ഷം 24 തേജസ് മാര്‍ക്ക് 1എ ജെറ്റ് വിമാനം തദ്ദേശീയമായി വികസിപ്പിക്കാന്‍ എച്ച്എഎല്‍ തീരുമാനിച്ചത്.
ജിഇ കമ്പനി നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജാക്ക് സള്ളിവനുമായി ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. 2021ലാണ് പ്രതിരോധ മന്ത്രാലയവും ജിഇ കമ്പനിയും തേജസ് മാര്‍ക്ക് 1എ ജെറ്റ് വിമാനം നിര്‍മ്മിക്കാന്‍ 48,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് എച്ച്എഎല്ലില്‍ നിന്ന് ഏറ്റവും അവസാനം തേജസ് മാര്‍ക്ക് 1എ വിമാനം വ്യോമസേനയുടെ ഭാഗമായത്. നേരത്തെ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ യുഎസ് ഭരണകൂടം പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടയുന്നതായി വിവരം പുറത്ത് വന്നിരുന്നു.