Site icon Janayugom Online

തെലങ്കാനയും നാഗാലാന്‍ഡും മാസ്ക് അഴിക്കുന്നു: ഇളവുകളിലേക്ക് കടന്ന് സംസ്ഥാനങ്ങള്‍

mask

കോവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ തെലങ്കാനയും നാഗാലാന്‍ഡും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. മാസ്ക് ധാരണം ഒഴിവാക്കുന്നതടക്കമുള്ള ഇളവുകളാണ് തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഇളവുകള്‍ പ്രകാരം ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം മാത്രം മാസ്ക് ധരിച്ചാല്‍ മതിയാകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും മാസ്കിലെ ഈ ഇളവ് ബാധകമായിരിക്കില്ല.
കോവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തിൽ തെലങ്കാന പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.
തെലങ്കാനയിൽ വ്യാഴാഴ്ച 31 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയത്. മൊത്തം കേസുകളുടെ എണ്ണം 7,91,284 ആയി. പുതിയ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. 73 പേർ സുഖം പ്രാപിച്ചതായും ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 7,86,753 ആണെന്നും ആരോഗ്യ വകുപ്പ് ബുള്ളറ്റിൻ അറിയിച്ചു. വീണ്ടെടുക്കൽ നിരക്ക് 99.42 ശതമാനമാണ്.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ ആയതോടെയാണ് നാഗാലാന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനിമുതല്‍ നാഗാലാന്‍ഡില്‍ കൂട്ടം കൂടുന്നതിനും വിലക്കേര്‍പ്പെടുത്തില്ല. വിദേശ വിനോദ സഞ്ചാരികള്‍ക്കും നാഗാലാന്‍ഡില്‍ പ്രവേശിക്കുന്നതിന് കോവിഡ് നിയന്ത്രണങ്ങള്‍ ഇനിമുതല്‍ തടസമാകില്ല. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് നാഗാലാന്‍ഡ് പിന്‍വലിക്കുന്നത്.
അതേസമയം പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതുമെല്ലാം തുടരണമെന്നും സര്‍ക്കാരിന്റെ പുതുക്കിയ പ്രഖ്യാപനത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: Telan­gana and Naga­land unmask: States enter into concessions

You may like this video also

Exit mobile version