Site iconSite icon Janayugom Online

ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രം പണിയും: ഹിമന്ത ബിശ്വ ശര്‍മ്മ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തോടെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും കാശിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവക്ഷേത്രം പുനര്‍നിര്‍മ്മിക്കണ്ടേതുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും പുനര്‍നിര്‍മ്മിക്കണമെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് വേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കണം. അതോടൊപ്പം രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിർമ്മിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയില്‍ പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഹിന്ദു ക്ഷേത്രം നശിപ്പിക്കപ്പെട്ടുവെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അവകാശവാദത്തെത്തുടർന്ന് ജനുവരി 31ന്, സമുച്ചയത്തിന്റെ നിലവറയിൽ പ്രാർത്ഥന നടത്താൻ ഹിന്ദുക്കളെ കോടതി അനുവദിച്ചിരുന്നു.
പൂർത്തിയാകാത്ത നിരവധി ജോലികൾ ഉള്ളതിനാൽ ദേശീയ ജനാധിപത്യ സഖ്യത്തിന് ലോക്‌സഭയിൽ 400 സീറ്റുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നത് ശർമ്മ ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കണം. 

പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മുസ്ലിം സംവരണം അവസാനിപ്പിക്കണം. പിന്നാക്ക സംവരണം ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമാണ്. അത് മുസ്ലിങ്ങള്‍ക്ക് വേണ്ടിയുളളതല്ലെന്ന് ഉറപ്പാക്കണം. ഇതിന് 400 സീറ്റുകള്‍ ആവശ്യമാണ്.
സുപ്രീം കോടതിയുടെയും കല്‍ക്കട്ട ഹൈക്കോടതിയുടെയും നിര്‍ദേശമുണ്ടായിട്ടും സന്ദേശ്ഖാലി കേസിലെ സിബിഐ അന്വേഷണത്തെ എന്തിനാണ് മമതാ ബാനര്‍ജി എതിര്‍ക്കുന്നതെന്ന് അസം മുഖ്യമന്ത്രി ചോദിച്ചു. ആരെ സംരക്ഷിക്കാനാണ് മമത ആഗ്രഹിക്കുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ആരാഞ്ഞു. 

Eng­lish Summary:Temple to be built at Gyan­va­pi Masjid: Himan­ta Biswa Sharma
You may also like this video

Exit mobile version