Site icon Janayugom Online

നാലു നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍: ആശ്വാസ ഇടനാഴി

Ukraine

റഷ്യ വാക്കുപാലിച്ചില്ലെന്ന ആരോപണത്തെയും ഉക്രെയ്‌ന്റെ നിരാകരണത്തെയും തുടര്‍ന്ന് രണ്ടുതവണ നടപ്പിലാകാതെ പോയ മാനുഷിക ഇടനാഴി യാഥാര്‍ത്ഥ്യമായി.
റഷ്യ താല്ക്കാലികമായി വെടിനിര്‍ത്തിയതിനെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട മാനുഷിക ഇടനാഴികളിലൂടെ നാല് ഉക്രെയ്‌ന്‍ നഗരങ്ങളിലും പരിസരത്തുമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം ആയിരങ്ങള്‍ സംഘര്‍ഷഭൂമിയില്‍ നിന്ന് പുറത്തുകടന്നു. കീവ്, ചെര്‍ണിവ്, കര്‍കീവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ നിന്ന് വിവിധ വഴികളിലൂടെ അതിര്‍ത്തിയിലേക്കാണ് മാനുഷിക ഇടനാഴി.
ഇടനാഴി യാഥാര്‍ത്ഥ്യമായതോടെ നൂറുകണക്കിന് വാഹനങ്ങള്‍ ഈ നാലു നഗരങ്ങളിലേക്കെത്തിയെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിയുപോളില്‍മാത്രം മൂന്നുലക്ഷം പൗരന്മാര്‍ കുടുങ്ങിയെന്നാണ് ഔദ്യോഗിക കണക്ക്.
സുമിയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെല്ലാം രക്ഷപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 694 വിദ്യാര്‍ത്ഥികളെയും ബസുകളില്‍ പോള്‍ട്ടാവയിലെത്തിച്ചു. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉക്രെയ്ന്‍ നഗരമായ സുമിയില്‍ ദിവസങ്ങളായി അതീവ ദുരിതത്തില്‍ കഴിയുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. പോള്‍ട്ടാവയില്‍ നിന്ന് പടിഞ്ഞാറന്‍ ഉക്രെയ്‌നിലേക്ക് ട്രെയിന്‍മാര്‍ഗം വിദ്യാര്‍ത്ഥികളെ എത്തിക്കാനാണ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സുമി, ഇര്‍പിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി ഒരുക്കിയ ഇടനാഴിയിലൂടെയാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നത്.
അതേസമയം, ഉക്രെയ്‌നിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരോട് മാനുഷിക ഇടനാഴികള്‍ ഉപയോഗപ്പെടുത്തി സംഘര്‍ഷമേഖലയില്‍ നിന്ന് രക്ഷപ്പെടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. ട്രെയിനുകളോ, ബസുകളോ ലഭിക്കുന്ന മറ്റേത് വാഹനങ്ങളോ ഉപയോഗിച്ച് പുറത്തുകടക്കണമെന്നാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി അടുത്ത മാനുഷിക ഇടനാഴിയുടെ കാര്യം അനിശ്ചിതത്വത്തിലായ സാഹചര്യമാണുള്ളതെന്നും എംബസി ചൂണ്ടിക്കാട്ടി.
അതിനിടെ ഇടനാഴി തടസപ്പെടുത്താന്‍ റഷ്യ ശ്രമിച്ചുവെന്ന് ഉക്രെയ്‌ന്‍ ആരോപിച്ചു. എന്നാല്‍ പൗരന്മാരെ രക്ഷിക്കുവന്‍ ഉക്രെയ്‌ന് താല്പര്യമില്ലെന്ന് റഷ്യയും കുറ്റപ്പെടുത്തി. ഇതിനിടെ സുമിയില്‍ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് കുട്ടികളുമുള്‍പ്പെടുന്നതായി ഉക്രെയ്ന്‍ അറിയിച്ചു.

Eng­lish Sum­ma­ry: Tem­po­rary cease­fire in four cities: relief corridor

You may like this video also

Exit mobile version