Site iconSite icon Janayugom Online

സംസ്ഥാന ചലച്ചിത്ര അവാർഡിൽ പത്ത് പുരസ്കാരങ്ങൾ; ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് താരം

സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്സ്. എറണാകുളം മഞ്ഞുമ്മലിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ വിനോദയാത്രയ്ക്കിടെയുണ്ടായ ഒരു യാഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം 10 പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ — ചിദംബരം , മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടൻ, മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി, മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ, മികച്ച ശബ്ദരൂപകൽപന- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ, മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യർ പോയറ്റിക് ഓഫ് ഹോം സിനിമ തുടങ്ങീ വിഭാഗങ്ങളിലാണ് പുരസ്‍കാരങ്ങൾ.

2024 ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലർ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിദംബരം സിനിമയൊരുക്കിയത്. ഒരുകൂട്ടം സൃഹൃത്തുക്കള്‍ ഒരു യാത്ര പോകുകയും അവിടെയുണ്ടാകുന്ന സംഭവികാസങ്ങളുമാണ് ഇതിവൃത്തം. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 241 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണ്ണാകടയിലുമെല്ലാം ചിത്രം വന്‍ ഹിറ്റായിരുന്നു.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എസ് പൊതുവാള്‍, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിറങ്ങിയതിനുശേഷം ഇതിലെ യാഥാര്‍ത്ഥ കഥാപാത്രങ്ങള്‍ക്കും താരപ്പെരുമയാണ് ലഭിച്ചത്.

ഇത്രയും പ്രതീക്ഷിച്ചില്ല. സിനിമയിലെ എല്ലാ ടെക്‌നീഷ്യൻസിനുമുള്ള അവാർഡാണിതെന്നും എല്ലാ വിജയികൾക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും പുരസ്കാര നേട്ടത്തെകുറിച്ച് സംവിധായകന്‍ ചിദംബരം പറഞ്ഞു. തനിക്ക് ലഭിച്ച പുരസ്‌കാരം യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നതായി സൗബിന്‍ പ്രതികരിച്ചു. ഞങ്ങള്‍ അഭിനയിക്കുക മാത്രമാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ അവര്‍ അനുഭവിച്ചതിനുള്ള അംഗീകരമായിട്ടാണ് കണക്കാക്കുന്നത്. അവാര്‍ഡ് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇത്രയും അവാര്‍ഡുകള്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സൗബിന്‍ പറഞ്ഞു.

Exit mobile version