എയ്ഡ്സ് ബാധിതയായ മാതാവിന്റെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് പത്ത് വയസുകാരൻ. ഉത്തർപ്രദേശിലെ എറ്റാ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായിയാണ് കുട്ടി മാതാവിന്റെ ശരീരം ഒറ്റയ്ക്ക് ചുമന്നത്. ക്ഷയരോഗത്തിനും എച്ച്ഐവിക്കും ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച ജില്ലാ ആശുപത്രിയിൽ വച്ച് 52 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. കുട്ടിയുടെ അച്ഛൻ കഴിഞ്ഞ വർഷം എയ്ഡ്സ് ബാധിതനായി മരിച്ചിരുന്നു. അച്ഛന്‍റെ രോഗവിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കളും ഗ്രാമവാസികളും കുടുംബത്തെ ഒറ്റപ്പെടുത്തി.
അമ്മയുടെ മൃതദേഹത്തിനരികിൽ പോസ്റ്റ്മോർട്ടത്തിനുള്ള സമയം കാത്ത് വെറും നിലത്തിരിക്കുന്ന കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവം അറിഞ്ഞ് ലോക്കൽ പൊലീസ് ആശുപത്രിയിലെത്തുന്നതുവരെ കുട്ടി മണിക്കൂറുകളോളം അമ്മയുടെ മൃതദേഹത്തിനരികിൽ കാവലിരിക്കുകയായിരുന്നു. ഒടുവിൽ പൊലീസെത്തി അവരുടെ സഹായത്തോടെയാണ് കുട്ടി അമ്മയുടെ പോസ്റ്റ്മോർട്ടം ചടങ്ങുകളും സംസ്‌കാരവും നടത്തിയത്.

