ഒരു കേന്ദ്ര ബജറ്റ് കൂടി ഇന്ന് അവതരിപ്പിക്കപ്പെടുമ്പോള്‍ മോഡി സർക്കാർ തെരഞ്ഞെടുപ്പില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം ലക്ഷ്യം കണ്ടില്ലെന്ന് കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ 20 കോടിയോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ട സ്ഥാനത്ത്, രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയാണ്.
ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെങ്കിലും അതിന്റെ ഗുണം തൊഴിൽ മേഖലയിൽ പ്രതിഫലിക്കുന്നില്ല. ജിഡിപിയിൽ വര്‍ധനവുണ്ടായിട്ടും പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുന്നില്ല. നിർമ്മാണ മേഖലയിലേക്ക് തൊഴിലാളികൾ മാറുന്നതിന് പകരം, കോവിഡിന് ശേഷം കൂടുതൽ പേർ വീണ്ടും കൃഷിയെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുറഞ്ഞ വേതനവും സുരക്ഷിതത്വമില്ലാത്തതുമായ അസംഘടിത തൊഴിലുകളുടെ എണ്ണമാണ് ഇപ്പോൾ വര്‍ധിക്കുന്നത്.
നിർമ്മാണ മേഖലയുടെ വിഹിതം ജിഡിപിയുടെ 25 ശതമാനമാക്കാനും 10 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി 2014‑ൽ ആരംഭിച്ച ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി ലക്ഷ്യങ്ങളിൽ നിന്ന് ഏറെ പിന്നിലാണെന്ന് റിപ്പോർട്ട് പറയുന്നു. 1.97 ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പദ്ധതി (പിഎല്‍ഐ) ആവിഷ്കരിച്ചെങ്കിലും 2024 ഒക്ടോബറോടെ വെറും 37 % ഉല്പാദന ലക്ഷ്യം മാത്രമാണ് നേടാനായത്. അനുവദിച്ച സബ്സിഡികളിൽ 7% മാത്രമാണ് വിതരണം ചെയ്തത്. ഇതോടെ ഈ പദ്ധതി പലയിടത്തും നിർത്തലാക്കി.
രാജ്യത്തെ തൊഴിൽ എന്‍ജിൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെറുകിട‑ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) കടുത്ത തിരിച്ചടി നേരിട്ടു. നോട്ട് നിരോധനം, ജി എസ്‌ടി പരിഷ്കാരം, കോവിഡ് ആഘാതം എന്നിവ ഇതിന് കാരണമായി. 2021–22 നും 2024–25 നും ഇടയിൽ 79,000 എംഎസ്എംഇകൾ അടച്ചുപൂട്ടി. മുദ്ര യോജന പ്രകാരം നൽകുന്ന വായ്പകളിൽ 67 ശതമാനവും 50,000 രൂപയിൽ താഴെയുള്ള ചെറിയ വായ്പകളാണ്. ഇത് പുതിയ സംരംഭങ്ങൾ വളർത്തുന്നതിന് പര്യാപ്തമല്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ മേഖലയിലെ ഏക ആശ്രയമായിരുന്ന എംജിഎൻആർഇജിഎ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റിൽ വൻ വെട്ടിക്കുറവുകൾ വരുത്തി. 2026‑ലെ ബജറ്റ് പ്രകാരം ഈ പദ്ധതി നിർത്തലാക്കുകയും പകരം ‘വികസിത് ഭാരത്-ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷൻ’ എന്ന പുതിയ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ പഴയ പദ്ധതി നൽകിയിരുന്ന നിയമപരമായ സുരക്ഷയും കാര്യക്ഷമതയും പുതിയ പദ്ധതിയുടെ കാര്യത്തില്‍ സംശയത്തിലാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിലവിൽ രാജ്യത്തെ 46 %ത്തോളം പേർ കൃഷിയെ ആശ്രയിക്കുമ്പോഴും ജിഡിപിയിൽ അവരുടെ പങ്ക് വെറും 16 % മാത്രമാണ്. ഇത് തൊഴിലാളികളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുന്നു. ഇന്ത്യയുടെ തൊഴിൽ മേഖലയിലെ ഈ മുരടിപ്പ് വരും വർഷങ്ങളിൽ വലിയ സാമ്പത്തിക വെല്ലുവിളിയാകുമെന്നാണ് സൂചന.
പത്ത് വർഷത്തെ മോഡി ഭരണം; തൊഴില്‍ വാഗ്ദാനങ്ങളെല്ലാം പാഴായി

