Site iconSite icon Janayugom Online

ഭീകരാക്രമണം: സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രം വീഴ്ച സമ്മതിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വീഴ്ചകള്‍ തുറന്നുസമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനും ഭീകരതയെ പരാജയപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ ഏത് നടപടിക്കും പൂര്‍ണപിന്തുണ പ്രതിപക്ഷമുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത കക്ഷിനേതാക്കള്‍ ഉറപ്പ് നല്‍കി. സുപ്രധാന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യന്‍ പര്യടനം റദ്ദാക്കി മടങ്ങിയ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിലെ പരിപാടിക്കാണ് സര്‍വകക്ഷി യോഗത്തെക്കാള്‍ മോഡി പ്രാധാന്യം നല്‍കിയത്. പ്രധാനമന്ത്രിയുടെ നിലപാടും കശ്മീര്‍ ഭരിക്കുന്ന ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിന് യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നില്ലെന്നതും വിമര്‍ശന വിധേയമായി. 

സുരക്ഷാസേനയുടെ സാന്നിധ്യം പ്രദേശത്ത് ഇല്ലാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണമായാണ് സുരക്ഷാ വീഴ്ചയുണ്ടായതായി കേന്ദ്രം സമ്മതിച്ചത്. സുരക്ഷാകാര്യങ്ങളെക്കുറിച്ച് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണത്തിനിടെ എപ്രില്‍ 20ന് ബൈസരണ്‍ മൊട്ടക്കുന്നുകള്‍ തുറന്നുനല്‍കിയത് അറിഞ്ഞില്ലെന്ന് അറിയിച്ചിരുന്നു. സാധാരണ ജൂണിലായിരുന്നു ഈ മേഖല തുറന്നുനല്‍കാറുണ്ടായിരുന്നത്. ഇത് ഗുരുതര വീഴ്ചയല്ലേ എന്ന ചോദ്യത്തിന് ആദ്യം വ്യക്തമായ ഉത്തരം നല്‍കിയില്ല. ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ വീഴ്ചയുണ്ടായെന്നും അത് കണ്ടെത്തണമെന്നും പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് സര്‍വകക്ഷി യോഗം പാര്‍ലമെന്റ് അനക്സില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, രാജ്യസഭാ നേതാവ് ജെ പി നഡ്ഡ, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവരാണ് സര്‍ക്കാര്‍ പ്രതിനിധികളായി പങ്കെടുത്തത്. പഹല്‍ഗാം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം പാകിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളും യോഗത്തില്‍ ചര്‍ച്ചയായി.

പങ്കെടുത്തവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്ന രീതിയുണ്ടായില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാം കുറിച്ചെടുക്കുകയായിരുന്നുവെന്നും യോഗാനന്തരം പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചില പ്രത്യേക മതവിഭാഗങ്ങള്‍ക്കുനേരെ നടക്കുന്ന വിദ്വേഷ പ്രചരണം നിയന്ത്രിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 

Exit mobile version