Site iconSite icon Janayugom Online

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു. സോഫിയാൻ (25), ഉസ്മാൻ മാലിക് (25) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്. ഇവരെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുദ്​ഗാമിലാണ് സംഭവം. സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 

വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രൽ കശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് വെറും 12 ദിവസം മാത്രം പിന്നിടവേയാണ് ജമ്മു കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം ഉണ്ടാകുന്നത്. 

Exit mobile version