Site iconSite icon Janayugom Online

ഉഗാണ്ടയിലെ സ്കൂളില്‍ ഭീകരാക്രമണം: വിദ്യാര്‍ത്ഥികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഭീകരവാദികള്‍ സ്‌കൂളിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പോണ്‍വെയിലെ ലൂബിറിഹ സെക്കന്‍ഡറി സ്‌കൂളിലാണ് ഭീകരരര്‍ ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 38 പേര്‍ വിദ്യാര്‍ത്ഥികളാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പ്രദേശവാസിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

സ്‌കൂളിലെ ഡോര്‍മെറ്ററിയില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. സ്‌കൂളിന്റെ ഡോര്‍മെറ്ററിയ്ക്ക് തീയിട്ട ഭീകരവാദികള്‍ ഭക്ഷണശാലയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടടിച്ചെടുത്തെന്നും പൊലീസ് പറയുന്നു. കോംഗോ അതിര്‍ത്തിയില്‍ നിന്നും 1.25 മൈല്‍ അകലെയാണ് ആക്രമണം നടന്ന സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ആദ്യമായി ഉണ്ടാകുന്ന ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്‌കൂളിലുണ്ടായിരുന്ന പെണ്‍കുട്ടികളെ ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ചില മൃതശരീരങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യമായി വരുമെന്നും പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വിദ്യാര്‍ത്ഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല. 

അതേസമയം, സ്കൂള്‍ ആക്രമിച്ച ഭീകരവാദികളെ കണ്ടെത്തുന്നതിനും തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിയുന്നതിനും സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. വിമാനങ്ങള്‍ വിന്യസിച്ചും സൈന്യം പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ഉഗാണ്ട സൈന്യവും ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയും (ഡിആര്‍സി) സംയുക്തമായാണ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് എഡിഎഫ് അധവ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്. സ്കൂളുകള്‍ കത്തിക്കുന്നതും വിദ്യാർഥികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവാണ്. 1998 ജൂണില്‍ സമാന രീതിയില്‍ 80 വിദ്യാര്‍ത്ഥികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കിച്ച്വാംബ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ന് ആക്രമണം നടന്നത്. അന്ന് നൂറിലധികം വിദ്യാര്‍ത്ഥികളെ സംഘം തട്ടിക്കൊണ്ടുപോയി.

1990കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001ല്‍ ഉഗാണ്ടന്‍ സൈന്യം രാജ്യത്ത് നിന്ന് തുരത്തിയിരുന്നു. ശേഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയുമായിരുന്നു. 2001‑ല്‍ ഉഗാണ്ടന്‍ സൈന്യത്തോട് പരാജയപ്പെട്ടതിന് ശേഷം, സംഘത്തിന്റെ പ്രവര്‍ത്തനം ഡിആര്‍സിയിലെ വടക്കന്‍ കിവു പ്രവിശ്യയിലേക്ക് മാറി. സംഘത്തിന്റെ പ്രധാന സ്ഥാപകനായ ജമില്‍ മകുലു 2015 ല്‍ ടാന്‍സാനിയയില്‍ വച്ച് അറസ്റ്റിലായി ഇപ്പോള്‍ ഉഗാണ്ടന്‍ ജയിലില്‍ കസ്റ്റഡിയിലാണ്. 

Eng­lish Sum­ma­ry: Ter­ror­ist attack on school in Ugan­da: 40 peo­ple, includ­ing stu­dents, were killed

You may also like this video

Exit mobile version