പാകിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൂന്നു സംസ്ഥാനങ്ങളിലെ അഞ്ചു കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ഗസ്വ ഇ ഹിന്ദ് എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ബിഹാറില്‍ പട്നയിലെ രണ്ടു കേന്ദ്രങ്ങളിലും ധർഭംഗയിലുമായിരുന്നു റെയ്ഡ്. ഗുജറാത്തിലെ സൂറത്ത്, ഉത്തർപ്രദേശിലെ ബറേലി എന്നിവിടങ്ങളിലും പരിശോധന നടന്നു. ബറേലി ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ, സിം കാർഡുകൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു.
കഴിഞ്ഞ വർഷം ജൂലൈ 14ന് പട്നയിലെ ഫൂൽവരിഷെരീഫിൽ നിന്ന് മർഗൂബ് അഹമ്മദ് ഡാനിഷിനെ (താഹിർ) അറസ്റ്റ് ചെയ്തതിനെത്തുടർന്നായിരുന്നു ഗസ്വ ഇ ഹിന്ദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയും 2022 ജൂലൈ 22ന് മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഐപിസി, യുഎപിഎ എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം ഈ വർഷം ജനുവരി ആറിന് മർഗൂബിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പാകിസ്ഥാനിൽ നിന്നു നിയന്ത്രിക്കപ്പെടുന്ന ഗസ്വ ഇ ഹിന്ദിനു വേണ്ടി മർഗൂബ് അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള സെയിൻ എന്നയാളാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. പാകിസ്ഥാനികളും ബംഗ്ലാദേശികളും യെമൻ സ്വദേശികളും ഈ ഗ്രൂപ്പിലുണ്ടായിരുന്നു.
English Summary:terrorist group affiliation; NIA raids in various states
You may also like this video