Site iconSite icon Janayugom Online

ടെസ്‌ലയ്ക്ക് വന്‍ ഇളവുകളൊരുങ്ങുന്നു; ഇവി നയം പരിഷ്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഇലക്ട്രിക് വാഹന നയത്തില്‍ മാറ്റം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇന്ത്യയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രാജ്യത്ത് വാഹന നിര്‍മ്മാണശാല സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ കുറച്ച് നല്‍കുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കൂടുതല്‍ ആഗോള ബ്രാന്‍ഡുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായാണ് പുതിയ ഇവി നയം. പരിഷ്കരിച്ച ഇലക്ട്രിക് വാഹന നയപ്രകാരം രണ്ടാം വർഷത്തിൽ തന്നെ കാർ നിർമ്മാതാക്കൾ 2,500 കോടി രൂപയുടെ വിറ്റുവരവ് കാണിക്കണമെന്നത് നിര്‍ബന്ധമാക്കും. ഇറക്കുമതി തീരുവയിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കും. മാർച്ച് പകുതിയോടെ ഇലക്ട്രിക് വാഹന നയം പുതുക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കും. ഓഗസ്റ്റ് മുതല്‍ ഇറക്കുമതി ആരംഭിക്കുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ വർഷം മാർച്ചിലാണ് ഇവികളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചുകൊണ്ട് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. നിർമ്മാതാക്കൾ കുറഞ്ഞത് 4150 കോടി രൂപയെങ്കിലും രാജ്യത്ത് നിക്ഷേപിക്കേണ്ടതുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു പ്രഖ്യാപനം. ടെസ്‌ലയടക്കമുള്ള കമ്പനികള്‍ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. അടുത്ത ഏപ്രിലില്‍ തന്നെ ഇന്ത്യയില്‍ പ്രവേശിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നത്. മുംബൈയിലും ഡല്‍ഹിയിലും ഷോറൂം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളിലേക്ക് ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കമ്പനി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ ഇന്ത്യയില്‍ തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാനും തദ്ദേശീയമായി ഉല്പാദനം തുടങ്ങാനുമാണ് പരിപാടിയെങ്കിലും തുടക്കത്തില്‍ വിദേശത്ത് നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. 2030 ആകുമ്പോഴേയ്ക്കും രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി 40 ശതമാനത്തിലധികം കടന്നുകയറ്റം കൈവരിക്കുകയും 100 ബില്യൺ യുഎസ് ഡോളർ വരുമാനം നേടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2024‑ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഇവി വിപണിയുടെ 62 ശതമാനം വിഹിതം ടാറ്റ മോട്ടോഴ്സിന്റെ കൈവശമാണ്. 2023‑ൽ ഇത് 73 ശതമാനമായിരുന്നു. 

Exit mobile version