ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നു. വാണിജ്യകാര്യ മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ടെസ്‌ല ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. നികുതി ആനുകൂല്യങ്ങള്‍ അടക്കം നല്‍കിയെങ്കില്‍ മാത്രമേ പ്ലാന്റ് സ്ഥാപിക്കൂ എന്നായിരുന്നു ടെസ്‌ലയുടെ മുന്‍ നിലപാട്.
പ്രതിവര്‍ഷം അഞ്ച് ലക്ഷം വൈദ്യുത കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ലക്ഷ്യമിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 20 ലക്ഷം രൂപ മുതലായിരിക്കും വൈദ്യുത കാറുകളുടെ വില എന്നാണ് വിവരങ്ങള്‍. ചൈനയ്ക്കു ശേഷം ഇന്ത്യയെ കയറ്റുമതി ഹബ് ആക്കാനാണ് പദ്ധതി. ഇന്‍ഡോ-പസഫിക് റീജിയണിലേക്കുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും.
കഴിഞ്ഞ മേയില്‍ ടെസ്‌ല ടീം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതോടെയാണ് രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കമെന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. എന്നാല്‍ നികുതി കുറയ്ക്കുന്നതിലടക്കമുണ്ടായ തടസങ്ങള്‍ ചര്‍ച്ചകളുടെ പുരോഗതിക്ക് തടസം സൃഷ്ടിച്ചു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടന്ന കൂടികാഴ്ചയ്ക്കു ശേഷം ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുമെന്ന് മസ്‌ക് അറിയിക്കുകയും ചെയ്തിരുന്നു.