Site icon Janayugom Online

ടെസ്‌ല ഇന്ത്യയിലേയ്ക്കില്ല; പിഎല്‍ഐ പദ്ധതിയില്‍ നിന്ന് പിന്മാറി ഫോര്‍ഡ്

രാജ്യത്തെ ഇലക്ട്രിക് വാഹന രംഗത്ത് നിക്ഷേപം ആകര്‍ഷിക്കാനാകാതെ കേന്ദ്രസര്‍ക്കാര്‍. ആഗോള കോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ടെസ്‌ല കമ്പനി ഇന്ത്യയിലേക്കില്ലെന്ന് ഏകദേശം ഉറപ്പായി. അതിനിടെ പെര്‍ഫോമന്‍സ്-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ നിന്ന് (പിഎല്‍ഐ) അമേരിക്കന്‍ വാഹന നിര്‍മ്മാതാവായ ഫോര്‍ഡും പിന്മാറി. കുറഞ്ഞ നികുതി നിരക്ക് വാഗ്ദാനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടുന്നതാണ് ടെസ്‌ലയുമായുള്ള ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായത്. ഇക്കാരണത്താല്‍ ഏഷ്യന്‍ വിപണി കേന്ദ്രമായി ഇന്തോനേഷ്യ തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇലോണ്‍ മസ്കുിനെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ നേരിട്ട് ക്ഷണിച്ചിരുന്നു. 

യുഎസ്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി കുറയ്ക്കണമെന്നാണ് ടെസ്‌ല ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഇന്ത്യയില്‍ ടെസ്‌ല നിര്‍മ്മാണ കേന്ദ്രം ആരംഭിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷത്തോളമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയായിരുന്നു. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടാകാത്തതോടെ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വില്‍ക്കാനുള്ള പദ്ധതി ടെസ്‌ല ഉപേക്ഷിക്കുകയായിരുന്നു.
അതിനിടെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായി നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്മാറുകയാണെന്നാണ് ഫോര്‍ഡും പ്രഖ്യാപിച്ചു. 27 വര്‍ഷത്തെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി 2021 സെപ്റ്റംബറില്‍ ഫോര്‍ഡ് അറിയിച്ചിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഫോര്‍ഡിന് സാധിച്ചിരുന്നില്ല. 

പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ഏതെങ്കിലും ഒരു പ്ലാന്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ച് കയറ്റി അയക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. തമിഴ്‌നാട്ടിലും ഗുജറാത്തിലുമാണ് ഫോര്‍ഡിന് ഫാക്ടറികള്‍ ഉള്ളത്. ഫോര്‍ഡ് ഉള്‍പ്പെടെ 20 വാഹന നിര്‍മ്മാതാക്കളെയാണ് കേന്ദ്രസര്‍ക്കാര്‍ പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുത്തത്. 45,016 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് തെരഞ്ഞെടുത്ത വാഹന നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുക. ഫോര്‍ഡിന്റെ പിന്മാറ്റം 4,000 ജീവനക്കാരെയെങ്കിലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് പിന്മാറുന്നതിന് മുമ്പ് മറ്റ് കമ്പനികളുമായി സഹകരിച്ച് കാറുകള്‍ നിര്‍മ്മിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ഫോര്‍ഡ് പരിഗണിച്ചിരുന്നു. 

Eng­lish Summary:Tesla will not launch in India; Ford with­draws from PLI project
You may also like this video

Exit mobile version