Site iconSite icon Janayugom Online

വാര്‍ഷിക പരീക്ഷയ്ക്കു മുന്‍പേ പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികളുടെ കൈകളിലേക്ക്

വാര്‍ഷിക പരീക്ഷയ്ക്കു മുന്‍പേ പാo പുസ്തകങ്ങളും യൂണിഫോമും കുട്ടികളുടെ കൈകളിലേക്ക്. സംസ്ഥാനത്തെ സ്കൂളുകളില്‍ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും തയ്യാറായി. ഇതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 13ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ നിർവഹിക്കും. 2026–27 അധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ പൂർത്തീകരിച്ചതായി മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ സെപ്റ്റംബർ മാസം തന്നെ ആരംഭിച്ചിരുന്നു. അച്ചടിച്ച 68 ലക്ഷം പാഠപുസ്തകങ്ങളില്‍ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കേരള ബുക്ക്‌സ് ആന്റ് പബ്ലിഷിങ് സൊസൈറ്റിയുടെ വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം മൂന്ന് ലക്ഷം പാഠപുസ്തകങ്ങൾ എന്ന നിലയില്‍ അച്ചടി പുരോഗമിക്കുകയാണ്. 2025–26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ പുസ്തക വിതരണം ആരംഭിക്കുകയും മേയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി പ്രകാരമാണ് യൂണിഫോം കുട്ടികള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്തെ എൽപി, യുപി സർക്കാർ സ്കൂളുകളിലും, ഒന്ന് മുതൽ നാല് വരെയുള്ള എയ്ഡഡ് എൽപി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നുണ്ട്. കൈത്തറി യൂണിഫോം ലഭിക്കാത്ത ഒന്ന് മുതൽ എട്ട് വരെയുള്ള ഗവ. ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആണ്‍കുട്ടികള്‍ക്കും ഒന്ന് മുതൽ എട്ട് വരെയുള്ള എയ്ഡഡ് ഹൈസ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം ഒന്ന് മുതൽ അഞ്ച് വരെയുള്ള എയ്ഡഡ് എൽപി സ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിവരുന്നുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത സർക്കാർ ഹൈസ്കൂളുകളിലെ ബിപിഎൽ ആൺകുട്ടികൾ, എസ്‌സി/എസ്ടി കുട്ടികൾ, മുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗത്തിൽ എസ്എസ്‌കെ യൂണിഫോം തുക നല്‍കുന്നുണ്ട്. 8,00,193 കുട്ടികൾക്കാണ് പുതിയ അധ്യയന വര്‍ഷം കൈത്തറി യൂണിഫോം വിതരണം ചെയ്യേണ്ടതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

Exit mobile version