Site icon Janayugom Online

കായലോളങ്ങളങ്ങള്‍ക്ക് ഹരം പകരാന്‍ ഇനി തലവടി ചുണ്ടനും

ആർപ്പുവിളികളും വഞ്ചിപാട്ടും കൊട്ടും കുരവയുമെല്ലാം അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ പുതുവത്സര ദിനത്തിൽ കുട്ടനാടിന്റെ കായലോളങ്ങളിൽ ആവേശം വാനോളം. ജലോത്സവങ്ങളുടെ കളിത്തൊട്ടിലായ കുട്ടനാട്ടിൽ ഒരു ചുണ്ടൻ വള്ളം കൂടി നീരണിഞ്ഞു. കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നമാണ് പുതുവത്സര സമ്മാനമായി സഫലമായത്. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിന്റിന് സമീപമുള്ള മാലിപ്പുരയിൽ പിറവിയെടുത്തത് തലവടി ടൗൺ ബോട്ട് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള തലവടി ചുണ്ടനാണ്.

6000 ഓളം കുടുംബങ്ങൾ താമസിക്കുന്ന നാട്ടിൽ തലവടിക്കാർക്കായി സ്വന്തം ചുണ്ടൻ വേണമെന്ന അതിരുകളില്ലാത്ത ആഗ്രഹമാണ് നിർമാണത്തിലേക്ക് നാട്ടുകാരെ നയിച്ചത്. ചുണ്ടൻ വള്ളങ്ങളുടെ പെരുന്തച്ചനായ കോഴിമുക്ക് സാബു ആചാരിയുടെ മേൽനോട്ടത്തിൽ ഇരുപതോളം പണിക്കാർ അഹോരാത്രം പ്രയത്നിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. കുട്ടനാട്ടിലെ ആറാമത്തെ ചുണ്ടനാണിത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ള ചുണ്ടനിൽ 83 തുഴച്ചിൽക്കാരും 5 പങ്കായകാരും 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കും. നീരണിയലിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സമിതി പ്രസിഡന്റ് കെ ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

Exit mobile version