തേങ്കുറിശി ദുരഭിമാന കൊലപാതകത്തില്‍ വിചാരണ പ്രതികള്‍ കുറ്റക്കാരെന്ന് പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി നാളെ രാവിലെ 11 മണിക്കെന്ന് ജഡ്ജി ആര്‍ വിനായകറാവു പറഞ്ഞു. 2020 ഡിസംബര്‍ 25നാണ് തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷ്, ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് എതിരായിരുന്ന വീട്ടുകാരാണ് കൊലപ്പെടുത്തിയത്. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് അനീഷിനെ കൊലപ്പെടുത്തിയത്. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേല്‍ത്തട്ടിലുളള ഹരിതയെന്ന പെണ്‍കുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേരളത്തെ ഞെട്ടിച്ച ദുഭിമാന കൊലപാതകത്തില്‍, കൊലക്കുറ്റത്തിന് പുറമേ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഡിസംബര്‍ 25ന് വൈകുന്നേരം പൊതുനിരത്തില്‍ വെച്ചായിരുന്നു അനീഷിനെ വെട്ടിക്കൊന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഭീഷണിയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ അനീഷിന് ലോക്കല്‍ പൊലീസ് നല്‍കിയില്ലെന്ന് അനീഷിന്റെ വീട്ടുകാരും ഭാര്യ ഹരിതയും മൊഴി നല്‍കിയിരുന്നു. അഡ്വക്കേറ്റ് പി.അനില്‍ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായിച്ചുള്ളത്.
കൊല്ലപ്പെട്ട അനീഷിന്റെ സഹോദരന്‍ അരുണിനെയും അനീഷിന്റെ ഭാര്യ ഹരിയതയെയുമാണ് കോടതി ആദ്യം വിസ്തരിച്ചത്. ഒന്നാം സാക്ഷിയാണ് അരുണ്‍. കേസില്‍ ആകെ 110 സാക്ഷികളാണുള്ളത്. പ്രതികള്‍ എത്തിയ രണ്ട് ബൈക്കുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ബൈക്കുകള്‍ ജഡ്ജി കോടതിക്ക് പുറത്തെത്തി പരിശോധിച്ചിരുന്നു. കേസില്‍ 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.