Site iconSite icon Janayugom Online

ആ ഒരു തീ ഇവിടെയുണ്ട്… ഒരുത്തീ സിനിമയുടെ പ്രമേയം എഐവൈഎഫ് നേതാവ് സൗമ്യയുടെ ജീവിതാനുഭവം

വി കെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’ എന്ന സിനിമ ചർച്ചയാകുമ്പോൾ പോരാട്ടത്തിന്റെ ‘തീ’ മനസിൽ നിറച്ച് സൗമ്യ വയനാട്ടിലുണ്ട്. എഐവൈഎഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് സൗമ്യ എസിന്റെ ജീവിതത്തിൽ നിന്നാണ് നീതി നിഷേധത്തിനെതിരെ ഒരു സ്ത്രീ നടത്തുന്ന പോരാട്ടങ്ങളുടെ കഥ തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു രൂപപ്പെടുത്തിയത്. തന്റെ ജീവിതാനുഭവങ്ങൾക്കപ്പുറത്തേക്ക് സിനിമ വളരുമ്പോഴും താൻ കടന്നുപോയ ഞെട്ടിപ്പിക്കുന്ന നിമിഷങ്ങൾ സ്ക്രീനിൽ ശക്തമായി ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് സൗമ്യ പറയുന്നു. തന്റെ പ്രതിരൂപമായ രാധാമണി എന്ന കഥാപാത്രത്തെ നവ്യാ നായർ അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും സൗമ്യ വ്യക്തമാക്കുന്നു.

കരുനാഗപ്പള്ളിയാണ് സൗമ്യയുടെ സ്വദേശം. ജോലി ചെയ്യുന്ന കടയിൽ നിന്ന് രാത്രി ഏഴു മണിക്ക് തേവലക്കര കിഴക്കേക്കരയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു സൗമ്യ. സാധാരണ ആഭരണങ്ങളൊന്നും ധരിക്കാതെയാണ് ജോലിക്ക് പോകാറുള്ളത്. എന്നാൽ അന്ന് ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാനുള്ളതുകൊണ്ട് അമ്മയുടെ മാല വാങ്ങി ധരിച്ചിരുന്നു. പണയം വച്ചിരുന്ന മാല കുറച്ചു ദിവസം മുമ്പായിരുന്നു മടക്കിയെടുത്തത്. ബൈക്കിൽ പിന്നാലെയെത്തിയ രണ്ടുപേർ മാല തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഒരു നിമിഷം പതറിപ്പോയ സൗമ്യ മറ്റൊന്നും ആലോചിക്കാതെ സ്കൂട്ടറിൽ ബൈക്കിനെ പിന്തുടർന്നു. അസാധാരണമായ ധൈര്യമായിരുന്നു അപ്പോൾ സൗമ്യക്ക്.

സജീവ സിപിഐ പ്രവർത്തകയാണ് സൗമ്യയുടെ അമ്മ സലോമി. അമ്മയ്ക്ക് ആകെയുള്ള സമ്പാദ്യമായ മാലയാണ് നഷ്ടപ്പെട്ടത്. അത് തിരിച്ചുപിടിച്ചേ മതിയാകൂ എന്ന് മനസിലുറപ്പിച്ച് പരമാവധി വേഗത്തിൽ സൗമ്യ അവർക്ക് പിന്നാലെ കുതിച്ചു. എതിരെ ഒരു കാർ വന്നപ്പോൾ ബൈക്കിന്റെ വേഗത കുറഞ്ഞു. ആ സമയം അതിവേഗത്തിലെത്തിയ സ്കൂട്ടർ സൗമ്യ ബൈക്കിൽ ഇടിപ്പിച്ചു. പ്രതികളിൽ ഒരാളെ സൗമ്യ പിടികൂടിയെങ്കിലും മറ്റേയാൾ മാലയുമായി രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത ശാസ്താംകോട്ട പൊലീസിന്റെ ഇടപെടൽ വളരെ നല്ല രീതിയിലായിരുന്നുവെന്ന് സൗമ്യ പറയുന്നു. തന്നോട് ഏറെ സഹാനുഭൂതിയോടെ പെരുമാറിയ ശാസ്താംകോട്ട പൊലീസിന്റെ പ്രതിരൂപമാണ് വിനായകൻ അവതരിപ്പിച്ച എസ്ഐ ആന്റണിയെന്നും അവർ വ്യക്തമാക്കി.

പിറ്റേദിവസം തന്നെ പൊലീസ് രണ്ടാമത്തെ പ്രതിയെയും പിടികൂടി. തിരിച്ചുകിട്ടിയ മാല മുറിഞ്ഞുപോയിരുന്നെങ്കിലും അമ്മയുടെ ഏക സമ്പാദ്യമായ മാലയ്ക്ക് വേണ്ടി നടത്തിയ പോരാട്ടം സൗമ്യക്ക് ആശ്വാസം പകർന്നു. എന്ത് ധൈര്യത്തിലായിരുന്നു അവരുടെ പിന്നാലെ വണ്ടിയുമായി പോയതെന്ന് അറിയില്ലെന്ന് സൗമ്യ പറയുന്നു. ഈ സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ഭർത്താവിന് കൽപ്പറ്റ മുൻസിപ്പാലിറ്റിയിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ സൗമ്യ വയനാട്ടിലെത്തിയത്. നാട്ടിൽ സിപിഐയുടെ സജീവ പ്രവർത്തകയായിരുന്ന സൗമ്യ വയനാട്ടിലെത്തിയതിന് ശേഷമാണ് എഐവൈഎഫിൽ സജീവമായത്. ഭർത്താവ് ഷൈജുവിനൊപ്പം കൽപ്പറ്റ എമിലിയിലാണ് ഇവരിപ്പോൾ താമസിക്കുന്നത്.

സൗമ്യയുടെ കഥയറിഞ്ഞാണ് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു വിളിക്കുന്നത്. മാധ്യമങ്ങളിൽ വരാത്ത കാര്യങ്ങൾ അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. തന്റെ ജീവിതത്തിലുണ്ടായ സംഭവം പശ്ചാത്തലമാക്കി രാധാമണിയുടെ ജീവിതാവസ്ഥകളിലേക്ക് കഥയെ വളർത്തുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതാനുഭവം അടിസ്ഥാനമാക്കി, രാധാമണിയിലൂടെ സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും അവരുടെ കരുത്തും തുറന്നു കാണിക്കുന്ന തരത്തിലേക്ക് സിനിമ വളർന്നു എന്നറിയുന്നത് സൗമ്യയെ സന്തോഷിപ്പിക്കുന്നു.

Eng­lish Sum­ma­ry: That Oruthee is here … The theme of the movie Oruthee is the life expe­ri­ence of AIYF leader Soumya

You may like this video also

Exit mobile version