Site icon Janayugom Online

കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു; 23ജിനേതാക്കള്‍ പരസ്യമായി രംഗത്ത് സംസ്ഥാന കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ ഉലയുന്നു

രാജിവെച്ച മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഡല്‍ഹി സന്ദര്‍ശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സീനിയര്‍ ഗ്രൂപ്പ് വീണ്ടും ശക്തമാകുന്നു. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ജി23 നേതാക്കളെ വീണ്ടും സജീവമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ ഏറാന്‍മൂളികളല്ല തങ്ങളെന്നാണ് കപില്‍ സിബല്‍ തുറന്നടിച്ചിരിക്കുന്നത്. കൂടുതല്‍ നേതാക്കള്‍ ഇവര്‍ക്കൊപ്പം ചേരാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ നേതൃത്വം വല്ലതുമുണ്ടോ എന്നും ഇവര്‍ ചോദിക്കുന്നു. പ്രധാനമായും കോണ്‍ഗ്രസിന് പുറത്തുള്ളവര്‍ പാര്‍ട്ടിയിലേക്ക് വരുന്നതും, അവര്‍ക്ക് വലിയ പദവികള്‍ നല്‍കുന്നതുമെല്ലാം ഇവരെ ചൊടിപ്പിക്കുകയാണ്. അമരീന്ദര്‍ ജി23യില്‍ ചേര്‍ന്നാല്‍ അതോടെ ഹൈക്കമാന്‍ഡ് സമ്മര്‍ദത്തിലാവും. കാരണം ജനപ്രിയനും കരുത്തനുമായ ഒരു നേതാവ് ജി23യില്‍ ഇപ്പോഴില്ല. അമരീന്ദറിനാണെങ്കില്‍ പാന്‍ ഇന്ത്യ നേതാവെന്ന അപ്പീലുണ്ട്.

ഒപ്പം ദേശീയതയില്‍ ഉറച്ച് വോട്ടുകളും ഹിന്ദു വോട്ടുകളും നേടാന്‍ കെല്‍പ്പുള്ള നേതാവുമാണ് അദ്ദേഹം. കോണ്‍ഗ്രസിന് ഇപ്പോഴില്ലാത്ത നേതാവും അങ്ങനെ ഒരാള്‍. ജി23യുടെ പോരാട്ടത്തിന് ഇത് കരുത്ത് പകരും. തന്നെ പുറത്താക്കിയത് പോലെ രാഹുലിനെയും പ്രിയങ്കയെയും അധികാര കേന്ദ്രത്തില്‍ നിന്ന് മാറ്റി നിര്‍ത്തി പകരം സീനിയര്‍ നേതാക്കളില്‍ ആരെയെങ്കിലും കൊണ്ടുവരണമെന്ന് അമരീന്ദറിന് ആഗ്രഹമുണ്ട്. അതിനുള്ള പിന്തുണ അദ്ദേഹത്തിന് ജി23യിലുണ്ട്. ക്യാപ്റ്റന്‍ വരുമെന്ന സൂചനയ്ക്ക് പിന്നാലെ ജി23 വീണ്ടും ശക്തമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ അധ്യക്ഷന്‍ എന്ന് പറയാന്‍ ആരുമില്ല. അതുകൊണ്ട് തീരുമാനങ്ങളൊക്കെ ആരാണ് എടുക്കുന്നതെന്ന് പോലും അറിയില്ലെന്ന് സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടുപോകാന്‍ ജി23 നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ന് നേതാവില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

 


ഇതുകൂടി വായിക്കു;ബിജെപിയിലേക്കില്ലന്ന് അമരീന്ദര്‍ സിംഗ്; അമിത് ഷായുമായുള്ള ചര്‍ച്ചകള്‍ പൂര്‍ണം


 

പാര്‍ട്ടിയെ നയിക്കാന്‍ ഒരാള്‍ വേണം. വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും സിബല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.കോണ്‍ഗ്രസിന് അധ്യക്ഷനും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയുമാണ് ഉടനടി ഉണ്ടാവേണ്ടത്. പറയുന്ന കാര്യങ്ങള്‍ അവഗണിച്ച് തള്ളാതെ കേള്‍ക്കാനുള്ള സന്‍മനസ്സ് നേതൃത്വം കാണിക്കണമെന്നും തുറന്ന സംവാദങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകണം,അദ്ദേഹം പറഞ്ഞു.
വര്‍ക്കിംഗ് കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദും ആവശ്യപ്പെട്ടിരിക്കുന്നു. അതേസമയം സിബലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാഹനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

രാഹുല്‍ പിന്നില്‍ നിന്ന് അധികാരത്തെ നിയന്ത്രിക്കുന്നതാണ് പ്രശ്‌നങ്ങള്‍ കാരണമെന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. നിലവില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നിലും കോണ്‍ഗ്രസിന് വിജയസാധ്യതയുമില്ല. ജി23 ഇത് നേരത്തെ തന്നെ പറയുന്നുണ്ട്. പഞ്ചാബ് കോണ്‍ഗ്രസില്‍ മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് അവിടെ വിഘടനവാദം വളരാന്‍ ഇടയായതെന്ന കാര്യം മറക്കരുതെന്നും, എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുന്ന ഏറാന്‍ മൂളികളല്ല ജി23യെന്ന് സിബല്‍ പറയുന്നു. പഞ്ചാബിലെ പ്രതിസന്ധിയുടെ സാഹചര്യത്തിലും നിരവധി പേര്‍ പാര്‍ട്ടി വിട്ടുപോകുന്നതുമായ സാഹചര്യത്തില്‍ സോണിയ ഗാന്ധി വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിക്കണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

 


ഇതുകൂടി വായിക്കു; അനിശ്ചിതത്വവും ശൈഥില്യവും നേരിടുന്ന കോണ്‍ഗ്രസ്


 

കോണ്‍ഗ്രസില്‍ പാര്‍ട്ടിയുമായി വളരെ അടുപ്പമുണ്ടായിരുന്നവരാണ് വിട്ടുപോകുന്നതെന്നും, എന്നാല്‍ യാതൊരു അടുപ്പവും ഇല്ലാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ തുടരുന്നതെന്നും ആസാദ് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് താല്‍പര്യപ്പെടുന്നില്ല. പാര്‍ട്ടി വിട്ടുപോകുന്നവര്‍ പോകട്ടെ എന്ന നിലപാടിലാണ് രാഹുല്‍. സിദ്ദുവിന്റെ രാജി രാഹുലിനെയും ചൊടിപ്പിച്ചിട്ടുണ്ട്. പുതിയ സംസ്ഥാന അധ്യക്ഷനെ പരിഗണിക്കാന്‍ രാഹുല്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിക്ക് കീഴില്‍ സംസ്ഥാന സമിതി പ്രവര്‍ത്തിക്കുമെന്നാണ് ഗാന്ധി കുടുംബം നല്‍കുന്ന സൂചന. നേരത്തെ തന്നെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയാണ്. ഇതേ രീതിയാണ് പ്രിയങ്കയ്ക്കുമുള്ളത്. എന്നാല്‍ സിദ്ദുവിനോട് പ്രത്യേക താല്‍പര്യമുണ്ട് പ്രിയങ്കയ്ക്ക്. പഞ്ചാബില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന സൂചനയും രാഹുല്‍ നല്‍കി കഴിഞ്ഞു. ചരണ്‍ജിത്തിനോട് തന്നെ പ്രശ്‌നം പരിഹരിച്ചാല്‍ മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. പല നേതാക്കളും സിദ്ദുവിനെ അനുനയിപ്പിക്കേണ്ട എന്നാണ് പറയുന്നത്.

പഞ്ചാബ് പ്രതിസന്ധിയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമാ മനീഷ് തിവാരിയും രംഗത്തു വന്നിട്ടുണ്ട്. ഇദ്ദേഹവും 23ജി നേതാക്കളുടെ കൂട്ടത്തിലുള്ളതാണ്. ഇത്തരം രാഷ്ട്രീയ അസ്ഥിരതയ്ക്കുള്ള മറുപടി സംസ്ഥാനത്തെ ജനം നൽകുമെന്ന് തിവാരി പറഞ്ഞു.ഓരോ കോൺഗ്രസുകാരനും ജന ഹിതം മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. നിലവിലെ പ്രതിസന്ധി സംസ്ഥാനത്തിന് ഗുണകരമാകില്ല. സാഹചര്യങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് തിവാരി പറഞ്ഞു. പഞ്ചാബ് പ്രതിസന്ധിയിൽ ഏറെ ദുഃഖം തോന്നുന്നു. പിസിസി അധ്യക്ഷായിരുന്ന നവജ്യോത് സിംഗ് സിദ്ധു സ്ഥിരത ഇല്ലാത്ത നേതാവാണെന്ന വിമർശനം പല തവണയായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉയർത്തിയിരുന്നുവെന്ന് തിവാരി പറഞ്ഞു. പിസിസി അധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജിയാണ് സംസ്ഥാനത്ത് പുതിയ പ്രതിസന്ധിയ്ക്ക് വഴിവെച്ചത്.

 


ഇതുകൂടി വായിക്കു; കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; കൊഴിഞ്ഞുപോക്കിനൊപ്പം വിഭാഗീയത തുടരുന്നു


 

അധ്യക്ഷ സ്ഥാനത്ത് എത്തി 72ാം നാളാണ് സിദ്ധു പദവി രാജിവെച്ചത്. പഞ്ചാബിന്റെ നല്ലതിനായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും വ്യക്തിത്വം പണയപ്പെടുത്തി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു സിദ്ധു രാജിക്കത്തിൽ വ്യക്തമാക്കിയത്.സിദ്ധുവിന്റെ രാജിയ്ക്ക് പിന്നാലെ അദ്ദേഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രണ്ട് മന്ത്രിമാർ ഉൾപ്പെടെ അഞ്ച് പ്രമുഖ നേതാക്കൾ കൂടി രാജിവെച്ചിരുന്നു.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗ് രാജിവെച്ചതോടെ സംസ്ഥാന്തത് ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സിദ്ധു. എന്നാൽ പാർട്ടിയുടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി ദളിത് നേതാവായ ചരൺ ജിത്ത് ചന്നിയെ ദേശീയ നേതൃത്വം മുഖ്യമന്ത്രിയാക്കി നിയമിച്ചു. മാത്രമല്ല പുതിയ മന്ത്രിസഭയിൽ സിദ്ധുവിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാനും നേതൃത്വം തയ്യാറായിരുന്നില്ല. തന്റെ എതിരാളിയായ ഉപമുഖ്യമന്ത്രി എസ്.എസ്.രൺധാവയ്ക്ക് ആഭ്യന്തരം നൽകിയതും രണ്ടാം ഉപമുഖ്യമന്ത്രിയായി ഒപി സോണിയെ നിയമിച്ചതും സിദ്ധുവിനെ ചൊടുപ്പിച്ചിരുന്നു. അഴിമതിക്കേസിൽ ആരോപണ വിധേയനായ റാണ ഗുർജിത്ത് സിംഗിനെ നിയമിച്ചതും എ.പി.എസ്. ഡിയോളിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചതിലുമെല്ലാം സിദ്ധുവിനെ പ്രകോപിച്ചെന്നും ഇതാണ് അപ്രതീക്ഷിതമായുള്ള രാജിയിലേക്ക് നയിച്ചതെന്നുമാണ് സൂചന. അതിനിടെ സിദ്ധുവിന്റെ അടുത്ത നീക്കം എന്താകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കോൺഗ്രസിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നാണ് സിദ്ദു ആവർത്തിക്കുന്നത്.എന്നാൽ സിദ്ധു ആം ആദ്മിയിലേക്ക് ചേക്കേറിയേക്കുമോയെന്നുള്ള ചർച്ചകൾ ചൂട് പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം പിടിക്കാൻ തന്ത്രങ്ങൾ മെനയുന്ന ആം ആദ്മിയെ സംബന്ധിച്ച് സിദ്ധുവുന്റെ വരവ് വലിയ ബൂസ്റ്റാകും .

നേരത്തേ തന്നെ സിദ്ധുവിനെ ആം ആദ്മി നോട്ടമിട്ടിരുന്നു. അതേസമയം അമരീന്ദറിനെതിരെ യുദ്ധം പ്രഖ്യാപിച്ച സിദ്ധുവിനെ പാർട്ടിയിലെടുക്കുന്നതിനോട് ആം ആദ്മിയിലെ ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യമില്ലെന്നാണ് വിവരം. എന്തായാലും പ്രതിസന്ധിയ്ക്ക് ഇടയിൽ ആം ആദ്മി തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ പഞ്ചാബിൽ എത്തിയിട്ടുണ്ട്ക്യാപ്റ്റനെ ജി23 നേതാക്കള്‍ കാണുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇവര്‍ ഗാന്ധി കുടുംബത്തെ പരസ്യമായി വിമര്‍ശിച്ചതാണ്. സീനിയര്‍ നേതാക്കളെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് തഴയുന്നുവെന്നായിരുന്നു പരാതി. മനീഷ് തിവാരി ക്യാപ്റ്റനെ കണ്ടുവെന്നാണ് സൂചന. ജി23യിലെ പ്രമുഖ നേതാവാണ് അദ്ദേഹം. സിദ്ദു സംസ്ഥാന അധ്യക്ഷനായതില്‍ മനീഷ് തിവാരിക്ക് ഒട്ടും താല്‍പര്യമില്ല. ജി23 നേതാക്കളില്‍ പലരും ഇതേ അഭിപ്രായമുള്ളവരാണ്. വര്‍ഷങ്ങളോളം കോണ്‍ഗ്രസിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച അമരീന്ദറിനെ പോലൊരു നേതാവിനെ യാതൊരു അറിയിപ്പും നല്‍കാതെ മാറ്റിയത് നേതാക്കളെയാകെ നിരാശരാക്കിയിരിക്കുകയാണ്. രാഹുലിന്റെ ഉപദേശകര്‍ക്കെതിരെ ശക്തമായി രംഗത്ത് വരാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

 

ENGLISH SUMMARY:The 23 G Lead­ers are open­ly vying for the state Con­gress group stage

You may also like this video

Exit mobile version