Site iconSite icon Janayugom Online

യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ. രണ്ടാംപ്രതി വെളിച്ചിക്കാല മലേ വയൽ ചരുവിള വീട്ടിൽ ഷെഫീക്ക് (35) ആണ് പിടിയിലായത്. മലപ്പുറത്ത് ഒളിവിലായിരുന്ന ഇയാൾ ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് പോകാനായി വരുമ്പോൾ കൈതക്കുഴി ഭാഗത്ത് വച്ചാണ് കണ്ണനല്ലൂർ പൊലിസ് അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. റിമാന്റിൽ കഴിഞ്ഞിരുന്ന ഇവരെ കണ്ണനല്ലൂർ പൊലീസ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്.

വെളിച്ചിക്കാല വാറുവിള വീട്ടിൽ സദാം (33), വെളിച്ചിക്കാല സബീല മൻസിലിൽ അൻസാരി (34), വെളിച്ചിക്കാല നൂർജി നിവാസിൽ നൂറുദ്ദീൻ (42) എന്നിവരെയാണ് നേരത്തെ കണ്ണനല്ലൂർ പൊലീസ് പിടികൂടിയത്. ഇവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്ത് വീട്ടിൽ നവാസിനെ(35)യാണ് കഴിഞ്ഞ മാസം 27ന് രാത്രി രാത്രി 9.45‑ന് സംഘം കുത്തിക്കൊന്നത്. നവാസിന്റെ ബന്ധുവായ നബീലിനെയും സുഹൃത്ത് അനസിനെയും പ്രതികൾ മർദിച്ച വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ബൈക്കിൽ എത്തിയതായിരുന്നു നവാസ്. എട്ടുപേരോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഒന്നാംപ്രതി സദാം കൈവശംകരുതിയ കത്തികൊണ്ട് നവാസിന്റെ വയറ്റിൽകുത്താൻ ശ്രമിച്ചു. ഒഴിഞ്ഞുമാറുന്നതിനിടെ കഴുത്തിനു പിന്നിൽ കുത്തുകയായിരുന്നു. കുത്തേറ്റ നവാസ് സമീപത്തെ കടയിലേക്ക് ഓടിക്കയറി. തുടർന്ന് സമീപത്തെ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നബീലും അനസും സുഹൃത്തിന്റെ വീട്ടിലെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ, ടിബി ജങ്ഷനിൽ വെച്ച് രണ്ടാംപ്രതി ഷെഫീക്ക് ബൈക്കിന് കൈകാണിച്ചു. നിർത്താതെ പോയതോടെ അസഭ്യം വിളിച്ചു. ഇത് ചോദ്യംചെയ്തപ്പോഴാണ് ഷെഫീക്കും നൂറുദ്ദീനും ചേർന്ന് ഇരുവരെയും മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.

നബീലും അനസും ബൈക്കിൽ രക്ഷപ്പെട്ട് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. തങ്ങളെ മർദിക്കുന്നെന്ന് നബീൽ നവാസിനെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. മർദിച്ചവരെ തേടി നവാസ് ബൈക്കിൽ വെളിച്ചിക്കാലയിൽ എത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. എസ്എച്ച്ഒ രാജേഷ്, എസ്ഐമാരായ ജിബി, ഹരി സോമൻ, സിപിഒമാരായ പ്രജേഷ്, മുഹമ്മദ് ഹുസൈൻ, നുജുമുദ്ദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version