ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. മൂന്നു വർഷത്തോളമായി ഒളിവിലായ പുതിയങ്ങാടി കൊരണി വയൽ അനഗേഷ് (24) നെയാണ് ബംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ സബ് ഇൻസ്പെക്ടർ നിമിൻ കെ ദിവാകരനും ചേർന്ന് പിടികൂടിയത്. 2020 നവംബറിൽ ചേവായൂർ പൊലീസും ഡൻസാഫും ചേർന്ന് 16 കിലോ കഞ്ചാവ് പാറോപ്പടിയിലെ ആളൊഴിഞ്ഞ റൂമിൽ നിന്നും പിടികൂടിയിരുന്നു. അനഗേഷ് വാടകയ്ക്ക് എടുത്തതായിരുന്നു ഈ റൂം. ഇവിടെ വെച്ചായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. അനഗേഷ് പൊലീസിനെ വെട്ടിച്ച് മുങ്ങിയെങ്കിലും നാലുപേർ അറസ്റ്റിലായി. പിന്നീടൊരിക്കൽ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ടും പ്രതി രക്ഷപ്പെടുകയുണ്ടായി.
മാസങ്ങൾക്ക് മുമ്പ് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ഇയാളെ അന്വേഷിച്ച് ബംഗളൂരുവിൽ എത്തിയെങ്കിലും ഇയാൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം സ്ഥിരമായി ഒരിടത്ത് തങ്ങാതെ പലയിടങ്ങളിൽ സംഘാംഗങ്ങളൂടെ കൂടെ മാറിമാറി താമസിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് ബംഗളൂരുവിൽ അന്വേഷിക്കുകയും തുടർന്ന് ദിവസങ്ങളോളം നിരീക്ഷിച്ച് താവളം കണ്ടെത്തി പിടികൂടുകയായിരുന്നു.
പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട ഇയാൾ തിരുപ്പതി, മുംബൈ എന്നിവടങ്ങളിലെത്തുകയും പിന്നീട് ഹിമാചൽ പ്രദേശിൽ ഒളിവിൽ കഴിയുകയുമായിരുന്നു. പിന്നീട് വീണ്ടും ബംഗളൂരുവിൽ എത്തുകയായിരുന്നു. ഇയാളുടെ സംഘത്തിൽ പെട്ട ചിലർ കോഴിക്കോട് കേന്ദ്രീകരിച്ച് രാസലഹരി വിപണനം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഫോൺ പരിശോധിച്ചതിൽ പണമിടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്.
English Summary: The accused in the drug case, who was on the run for three years, was arrested in Bengaluru
You may also like this video