Site iconSite icon Janayugom Online

ആകാശഭീഷണി തുടരുന്നു

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്നലെ മാത്രം 32 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതോടെ ഒരാഴ്ചകൊണ്ട് ബോംബ് ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 100 കടന്നു. ഇന്നലെയും വിവിധ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ എന്നിവയുടെ വിമാനങ്ങള്‍ക്കാണ് ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്‍ഡിഗോയുടെ ആറ് വിമാനങ്ങള്‍ക്കും വിസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ഭീഷണിയുണ്ടായി. 

കോഴിക്കോട് നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തുന്നതാണ് ഭീഷണി ലഭിച്ച ഇന്‍ഡിഗോയുടെ ഒരു വിമാനം. ജിദ്ദ‑മുംബൈ, ഡൽഹി-ഇസ്താംബുൾ, മുംബൈ- ഇസ്താംബുള്‍, പൂനെ-ജോധ്പൂര്‍, ഗോവ‑അഹമ്മദാബാദ് ഇന്‍ഡിഗോ വിമാനങ്ങൾക്കും ഭീഷണിയുണ്ടായി. വിസ്താരയുടെ സിംഗപ്പുര്‍-ഡല്‍ഹി, സിംഗപ്പൂര്‍-പൂനെ, സിംഗപ്പൂര്‍-മുംബൈ, ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്, ബാലി-ഡല്‍ഹി, മുംബൈ സിംഗപ്പൂര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആകാശ എയറിന്റെ അഹമ്മദാബാദ്-മുംബൈ, ഡൽഹി-ഗോവ, മുംബൈ-ബാഗ്‌ഡോഗ്ര, ഡൽഹി-ഹൈദരാബാദ്, കൊച്ചി-മുംബൈ, ലഖ്‌നൗ-മുംബൈ എന്നീ വിമാനങ്ങള്‍ ബോംബ് ഭീഷണി നേരിട്ടു. എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചു. 

വിമാനങ്ങള്‍ക്ക് പുറമെ കര്‍ണാടക ബെലഗാവി വിമാനത്താവളത്തിനും ബോംബാക്രമണ ഭീഷണിയുണ്ടായി. എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ ഇ‑മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. വിമാനത്താവളത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെ ഡല്‍ഹി പൊലീസ് ‘എക്‌സി’നോട് വ്യാജ ഭീഷണി പോസ്റ്റ് ചെയ്യുന്നവരുടെ വിവരം തേടി. ഇന്റലിജൻസ് ഫ്യൂഷൻ ആന്റ് സ്‌റ്റർജിങ് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയിലും ഡൽഹിയിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് വിമാനങ്ങൾക്ക് ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായി മുമ്പ് അറിയിച്ചിരുന്നെങ്കിലും പിന്നീട് പൊലീസ് ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.

ഭീഷണി സന്ദേശക്കാര്‍ വിപിഎന്നും ഡാര്‍ക്ക് വെബ് ബ്രൗസറുകളും ഉപയോഗിക്കുന്നതായി പൊലീസ് പറയുന്നു. വിദേശരാജ്യങ്ങളിലെ ഐപി അഡ്രസുകളില്‍ നിന്നുമാണ് സന്ദേശം പോസ്റ്റ് ചെയ്യുന്നതെന്ന് മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കേസില്‍ പിടിയിലാകുന്നവരെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് അടക്കം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

Exit mobile version