Site iconSite icon Janayugom Online

കാക്കിക്കുള്ളിലെ കൃഷിക്കൂട്ടത്തെകാണാൻ കൃഷിമന്ത്രി പൊലീസ്‌ സ്റ്റേഷനിലെത്തി

മാരാരിക്കുളം പൊലീസ്‌ സ്റ്റേഷൻ മുറ്റത്ത് കണ്ണിന് കൗതുകം പകരുന്ന വിധം നട്ടു പരിപാലിച്ച പൂപ്പാടത്ത് കൃഷി വകുപ്പുമന്ത്രി പി പ്രസാദ് എത്തി. വിവിധ തരം ചെണ്ടുമല്ലിപ്പുക്കളാൽ സമൃദ്ധമാണ് സ്റ്റേഷൻ പരിസരം. മാരാരിക്കുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എ വി ബിജുവിന്റെ നേതൃത്വത്തിലാണ് ചെടികളുടെ പരിപാലനം. കഞ്ഞിക്കുഴിയിലെ കർഷകരായ സുജിത്തും അജിത്തും സാനുവും ഷാജിയും ഉദയപ്പനും ഒപ്പം ചേർന്നപ്പോൾ പൂ കൃഷിയങ്ങനെ കളറായി. 

ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മാരാരിക്കുളം പൊലീസ്‌ സ്റ്റേഷൻ. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, കർഷകരായ എസ് പി സുജിത്ത്, സാനു മോൻ, സി ആർ ഷാജിചക്കനാട്ട്, ജി ഉദയപ്പൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കാക്കിക്കുള്ളിലെ കലാകാരൻമാരെപ്പോലെ കർഷകരും ഉണ്ടാകുന്നത് അഭിമാനമാണന്നും പൊലീസ്‌ സൗഹൃദഅന്തരീക്ഷം കൂടുതൽ ശക്തമാകുമെന്നും മന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു. ഫോട്ടോ ഷൂട്ടിനായി സെൽഫി പോയിന്റ് സജ്ജമാക്കാനൊരുങ്ങുകയാണിവർ. സ്റ്റേഷനു സമീപമുള്ള ഓട്ടോറിക്ഷാ തൊഴിലാളികളും കൃഷിക്ക് സഹായികളായി ഒപ്പമുണ്ട്.

Exit mobile version