Site iconSite icon Janayugom Online

എഐവെെഎഫ് സംസ്ഥാന സമ്മേളനം പുതിയ പോരാട്ടങ്ങള്‍ക്കുള്ള ദിശാമുഖം തുറക്കും

കേരളത്തിലെ യുവ പോരാളികള്‍ ഒത്തുചേര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും പുതിയ പോരാട്ടങ്ങള്‍ക്കുള്ള ആശയസംവാദത്തിന് തുടക്കംകുറിക്കുകയും ചെയ്യും. മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും തകര്‍ന്നുപോയ കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള പരിശ്രമത്തില്‍ താങ്ങായി നിന്ന യുവത്വത്തിന് എഐവെെഎഫ് എന്നും പേരുണ്ടായിരുന്നു. അസാമാന്യമായ ആത്മസമര്‍പ്പണവും ധീരതയും കാണിച്ച യുവ പോരാളികളുടെ കയ്യില്‍ എഐവെെഎഫിന്റെ നക്ഷത്രാങ്കിത ദ്വിവര്‍ണപതാക ഉണ്ടായിരുന്നു. തളര്‍ന്നുവീണ മനുഷ്യരെ ചേര്‍ത്തുപിടിക്കാന്‍ സംഘടനാ ശേഷിയും സ്വാധീനവും ഒന്നും തടസമായില്ല. കേരളത്തില്‍ എഐവെെഎഫിന്റെ ഓരോ ഘടകവും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തിറങ്ങുന്ന ആവേശകരമായ അനുഭവമാണ് ഉണ്ടായത്. സമരവും സന്നദ്ധ‑സാന്ത്വന പ്രവര്‍ത്തനവും മാത്രമല്ല പരിസ്ഥിതിക്ക് വേണ്ടിയുള്ള നിരന്തര കലഹവും കൂടിച്ചേരും. എഐവെെഎഫ് കേരളത്തിലെ മറ്റേതൊരു യുവജന സംഘടനയെക്കാള്‍ മുന്നിലാണ്.

 

ശാസ്ത്രീയ സോഷ്യലിസം മുറുകെപ്പിടിച്ച് ഇന്ത്യയുടെ സാമൂഹ്യമാറ്റത്തിനായി നിലകൊള്ളുന്ന അഖിലേന്ത്യ യുവജന ഫെഡറേഷന്റെ 21-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 2, 3, 4 തീയതികളില്‍ കണ്ണൂരില്‍ ചേരുമ്പോള്‍ ആശങ്കാജനകമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സര്‍വ മേഖലകളിലും ആധിപത്യം സ്ഥാപിച്ചുകൊണ്ട് ആര്‍എസ്എസും അവരാല്‍ നയിക്കപ്പെടുന്ന നരേന്ദ്രമോഡി ഭരണകൂടവും ജനതയെ കടന്നാക്രമിക്കുകയാണ്. ഭരണകൂടം തന്നെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരെ യുദ്ധം പ്രഖ്യാപിക്കുകയാണ്.

 


ഇതുകൂടി വായിക്കൂ: പ്രക്ഷോഭങ്ങളുടെയും പ്രതിരോധത്തിന്റെയും 84 ആണ്ടുകള്‍


 

വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തെ സംബോധന ചെയ്തുകൊണ്ട് വിഭജിക്കപ്പെടാത്ത ഇന്ത്യയും തകര്‍ക്കപ്പെടാത്ത ജനാധിപത്യവും എന്ന മുദ്രാവാക്യം ഉയരുമ്പോള്‍ പ്രതിസ്ഥാനത്ത് ആര്‍എസ്എസ് ആണ്. മതത്തിന്റെ ചിഹ്നം വെറുപ്പാണെന്ന് സ്വയം പ്രഖ്യാപിച്ച് രാജ്യത്തെ വിഭജിക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞ് കശ്മീരിനെ വിഭജിച്ചതും പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവന്നതും മുസ്‌ലിം വിദ്വേഷത്തിന്റെ ഭാഗമായി രൂപപ്പെടുത്തി എടുത്ത അജണ്ടകളാണ്. ആഹാരത്തിലും വസ്ത്രത്തിലും തൊട്ട് നോട്ട് നിരോധനത്തിന്റെ പിറകില്‍പോലും വിരോധവും വെറുപ്പും ഒളിഞ്ഞിരുപ്പുണ്ട്.

ജനാധിപത്യ ഇന്ത്യയെ മതാധിപത്യ ഇന്ത്യയായി പരിവര്‍ത്തനം ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇതിനവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കും. ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുന്ന തന്ത്രം. ജുഡീഷ്യറിയെയും കലാകാരന്മാരെയും ബുദ്ധിജീവികളെയും ഭയപ്പെടുത്തി തങ്ങളുടെ വരുതിയില്‍ നിര്‍ത്തുകയാണ്. അനുസരിക്കാത്തവരുടെ ജീവനെടുക്കുന്ന ക്രൂരത.

 


ഇതുകൂടി വായിക്കൂ: വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കാലത്തിന്റെ അനിവാര്യത


 

ബിജെപി ഭരണത്തി­ല്‍ തൊഴിലില്ലായ്മയും അതിവേഗം വളരുകയാണ്. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ക്ര­മാതീതമായി കൂടുകയും ചെയ്യുന്നു. പട്ടിണിമരണങ്ങള്‍ വാര്‍ത്തകള്‍പോലും അല്ലാതെ പോകുമ്പോള്‍ കോര്‍പറേറ്റുകളുടെയും ശതകോടീശ്വരന്മാരുടെയും ലാഭം കുന്നുകൂടുന്നത് വലിയ വാര്‍ത്തകളായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന വെെരുധ്യം. ഇന്ത്യ ഇന്ന് നേരിടുന്ന എല്ലാ സാമൂഹിക ദുരന്തങ്ങളുടെയും ആണിക്കല്ല് ഭ്രാന്ത് പിടിച്ച് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളും അവ നടപ്പിലാക്കാന്‍ മത്സരിക്കുന്ന വലതുപക്ഷ ഭരണകൂടവുമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കെെവരിച്ച എല്ലാ നേട്ടങ്ങളെയും തകര്‍ക്കുകയും അതിന്റെ പ്രത്യാഘാതം സാധാരണ ജനങ്ങളുടെ ചുമലില്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയോളം നീളത്തില്‍ കന്യാകുമാരി മുതല്‍ പഞ്ചാബിലെ ഹുസെെനീഹല വരെ എഐവെെഎഫിന്റെയും എഐഎസ്എഫിന്റെയും നേതൃത്വത്തില്‍ 2017ല്‍ നടത്തിയ ലോങ് മാര്‍ച്ച്. തൊഴില്‍, വിദ്യാഭ്യാസ, തെരഞ്ഞെടുപ്പ് പരിഷ്കരണം എന്നീ മുദ്രാവാക്യങ്ങളോടൊപ്പം ലോങ് മാര്‍ച്ച് ഉയര്‍ത്തിയ രാഷ്ട്രീയം സംഘപരിവാറിന് എതിരായ ഐക്യപ്പെടലിന്റെ രാഷ്ട്രീയമായിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെയും ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും സമരമുന്നണി. അല്പം വെെകിയാണെങ്കിലും ഇന്ത്യയില്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. പോരാടുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷയും അഹങ്കാരികളായ ഭരണാധികാരികള്‍ക്ക് ഭയവും സൃഷ്ടിച്ചുകൊണ്ടാണ് ഇത്തരമൊരു രാഷ്ട്രീയ പ്രക്രിയ രൂപപ്പെട്ടുവന്നത്. കര്‍ഷകരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇത് കരുത്തുപകരും.

 


ഇതുകൂടി വായിക്കൂ:  നമ്മള്‍ കാണും ഉറക്കെ പറയും


 

കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ടുനിന്ന സമരത്തിന്റെ വിജയം ആഘോഷിച്ചത് കര്‍ഷകര്‍ മാത്രമല്ല ഇന്ത്യന്‍ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരാണ്. കര്‍ഷകസമരത്തിന്റെ എല്ലാ ഘട്ടത്തിലും എഐവെെഎഫ് കര്‍ഷകരുടെ കൂടെ അടിയുറച്ച് നില്‍ക്കുകയും വിപുലമായ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും സജീവമായ യുവജന പോരാട്ടങ്ങള്‍ നയിച്ച പ്രസ്ഥാനമാണ് എഐവെെഎഫ്. ലോങ് മാര്‍ച്ച് മുതല്‍ പാര്‍ലമെന്റ് മാര്‍ച്ച് വരെയുള്ള പ്രക്ഷോഭങ്ങളും നിരന്തരമായി നടത്തിയ വിവിധ ക്യാമ്പയിനുകളും ഈ കാലയളവില്‍ ഏറ്റെടുക്കുകയുണ്ടായി.

നവോത്ഥാന കേരളത്തെ പിന്നോട്ട് നടത്താനുള്ള വലതുപക്ഷ ശക്തികളുടെ നിരന്തരമായ ശ്രമത്തെ പ്രതിരോധിക്കാനും പുതിയ കേരളത്തെ നിര്‍മ്മിക്കാനും വലിയ ഇടപെടലുകളാണ് എഐവെെഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീധനവും സ്ത്രീപീഡനങ്ങളും വര്‍ധിച്ചുവരുന്ന മദ്യ‑മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ യുവജനങ്ങളെയും കുട്ടികളെയും അപകടപ്പെടുത്തുന്ന കാലത്ത് ഇതിനൊക്കെ എതിരെ നിരന്തരമായ ക്യാമ്പയിനുകള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞു. സംസ്ഥാന സമ്മേളനം ഇത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.

 


ഇതുകൂടി വായിക്കൂ: വേരുചീഞ്ഞ വന്‍മരം


 

പരിസ്ഥിതിയെ കൊല്ലുന്ന വികസനം വേണ്ട എന്ന മുദ്രാവാക്യം ഏറ്റവും ഉച്ചത്തില്‍ ഉയര്‍ത്തേണ്ട സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. കാലം തെറ്റി പെയ്യുന്ന മഴയും പ്രളയവും മാത്രമല്ല പശ്ചിമഘട്ടം അപകടകരമായ വിധത്തില്‍ ദുര്‍ബലമായിരിക്കുന്നു. ഉപഭോഗ സംസ്കാരത്തിന് അടിമപ്പെട്ട മനുഷ്യരുടെ ആര്‍ത്തിപിടിച്ച കെട്ടിപ്പൊക്കലുകള്‍ക്കും ആഡംബര ജീവിതത്തിനും വില നല്കേണ്ടിവരുന്നത് മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരാണ്. ഒരു ചെറിയ വിഭാഗം വരുന്ന ജനങ്ങളുടെ സുഖസൗകര്യത്തിനോ താല്പര്യത്തിനോ വേണ്ടി തകര്‍ക്കപ്പെടരുത് കേരളം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്നമായി നമുക്ക് മുന്നില്‍ അവതരിപ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന നിലപാട് ഏറ്റവും ആദ്യം രേഖപ്പെടുത്തിയ യുവജന സംഘടന എഐവെെഎഫ് ആണ്. അതിരപ്പിള്ളിയും പൂയംകുട്ടിയും സംരക്ഷിക്കപ്പെടുന്നതില്‍ എഐവെെഎഫിന് വലിയ പങ്കുണ്ട്.

തൊഴിലില്ലായ്മയുടെ പരിഹാരത്തിനായി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂതനങ്ങളായ സംരംഭങ്ങളോട് സഹകരിക്കുന്നതോടൊപ്പം കാര്‍ഷികമേഖലയിലെ തൊഴില്‍സാധ്യതകളും കൃഷി സംസ്കാരമായി കൊണ്ടുനടക്കേണ്ട ആവശ്യകത ഏറ്റെടുത്ത് നിരവധിയായ ഇടപെടലുകള്‍ നടത്താനും കഴിഞ്ഞകാലമാണ് പിന്നിടുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിലെ പതിനായിരം കേന്ദ്രങ്ങളില്‍ ‘ജീവനം ഹരിതസമൃദ്ധി’ എന്ന പേരില്‍ കൃഷി ആരംഭിക്കുകയും ഇപ്പോഴും തുടരുകയുമാണ്.

 


ഇതുകൂടി വായിക്കൂ: ചരിത്രത്തിലെഴുതിയ എട്ടര പതിറ്റാണ്ട്


പിഎസ്‌സി നിയമനങ്ങളിലെ സുതാര്യതയും വേഗതയും ഉറപ്പുവരുത്താനുള്ള ഇടപെടലുകളും ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങള്‍ക്ക് നല്കിയ പിന്തുണയും വലിയതരത്തിലായിരുന്നു. സ്വകാര്യ മേഖലയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ശമ്പളം നല്കുന്ന മുഴുവന്‍ തസ്തികകളിലുമുള്ള നിയമനങ്ങള്‍ പിഎസ്‌സി വഴി ആയിരിക്കണമെന്ന ശക്തമായ ആവശ്യം മുന്നോട്ടുവയ്ക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

മതതീവ്രവാദത്തിന്റെയും ജാതിഭ്രാന്തിന്റെയും അതിവേഗത്തിലുള്ള വ്യാപനവും അതിന്റെ ചുഴിയില്‍ അകപ്പെടുന്ന യുവാക്കള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളും ഇല്ലാതാക്കാനുള്ള യോജിച്ച ക്യാമ്പയിനുകള്‍ ഏറ്റെടുക്കണം. ക്വട്ടേഷന്‍ സംഘങ്ങളും അക്രമണരാഷ്ട്രീയവും സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ ആഴത്തില്‍ പരിശോധിക്കുകയും സജീവമായ ഇടപെടലുകള്‍ക്കുള്ള തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. വരാനിരിക്കുന്ന നാളുകളിലെ കേരളത്തിലെ യുവജന രാഷ്ട്രീയത്തിന് ദിശാബോധം നല്കുന്ന ചര്‍ച്ചകളും തീരുമാനങ്ങളും സംസ്ഥാന സമ്മേളനം സ്വീകരിക്കും. കവി പാടിയതുപോലെ ‘എങ്ങു മനുഷ്യനു ചങ്ങല കെെകളിലെങ്ങെന്‍ കയ്യുകള്‍ നൊന്തിടുകയാണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു’ എന്ന ഉറച്ച ബോധ്യത്തോടെ ലോകത്തെവിടെയും ഉയര്‍ന്നുവരുന്ന ജനാധിപത്യ പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തികഞ്ഞ സാര്‍വദേശീയ വീക്ഷണത്തിലൂന്നി പ്രവര്‍ത്തന പരിപാടികളും കടമകളും ചര്‍ച്ച ചെയ്താവും എഐവെെഎഫിന്റെ 21-ാം സംസ്ഥാന സമ്മേളനം പിരിയുക.

Exit mobile version