Site iconSite icon Janayugom Online

അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതി; ഇമ്രാന്‍ ഖാന് 14 വര്‍ഷം തടവ് ശിക്ഷ

അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ മുന്‍ക്രിക്കറ്റ് താരവും പാക് പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ. ഇമ്രാന്‍ഖാന് 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇമ്രാന്‍ഖാന്‍ ഒരു ദശലക്ഷം പാകിസ്ഥാന്‍ രൂപയും ഭാര്യ 5,00,000 രൂപയും പിഴയൊടുക്കണമെന്നും നിര്‍ദേശമുണ്ട്. ഇമ്രാനെതിരെ ശിക്ഷ വിധിക്കുന്ന നാലാമത്തെ കേസാണിത്. ഖാനെയും ഭാര്യയേയും കൂടാതെ ആറ് പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. ഇവര്‍ നിലവില്‍ രാജ്യത്തിനു പുറത്താണ്. വ്യത്യസ്ത കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ മാറ്റിയ വിധി പ്രസ്താവമാണ് ഇന്നലെ നടന്നത്.
പാകിസ്ഥാന്‍ തെഹ്‍രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് അഡിയാല ജയിലിലെ താല്കാലിക കോടതിക്ക് മുന്നില്‍ വന്‍ സുരക്ഷയൊരുക്കിയിരുന്നു. വിധി പ്രസ്താവിച്ചയുടന്‍ കോടതിമുറിയില്‍ വച്ച് ബുഷ്‌റ ബീബിയെ പൊലീസ് അറസ്റ്റു ചെയ്തു. 

എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുകയോ ആശ്വാസം തേടുകയോ ചെ­യ്യില്ലെന്ന് ശിക്ഷാ വിധിക്ക് ശേഷം കോടതിക്കുള്ളില്‍ നിന്ന് ഇ­മ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അധികാരത്തിലേക്ക് തിരികെ എത്താതിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. 200ഓളം കേസുകള്‍ ചുമത്തപ്പെട്ട് 2023 ഓഗസ്റ്റ് മുതല്‍ ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയിലാണ്. ദേശീയ ഖജനാവിന് 190 മില്യണ്‍ പൗണ്ടിന്റെ (50 ബില്യണ്‍ പാകിസ്ഥാന്‍ രൂപ) നഷ്ടം വരുത്തിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ 2023 ഡിസംബറിലാണ് ഖാനെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. 

യുകെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ രൂപ നിയമവിധേയമാക്കിയതിന് പകരമായി ബഹ്രിയ ടൗണ്‍ ലിമിറ്റഡില്‍ നിന്ന് കോടിക്കണക്കിന് രൂപയും ഏക്കറുക്കണക്കിന് ഭൂമിയും കൈമാറാന്‍ ഖാനും ബുഷ്റ ബീബിയും കൂട്ടുനിന്നെന്നാണ് ആരോപണം. ദേശീയ ട്രഷറിക്ക് വേണ്ടിയുള്ള ഫണ്ട്, ഝലമില്‍ അല്‍ ഖാദിര്‍ സര്‍വകലാശാല സ്ഥാപിക്കുന്നതുള്‍പ്പെടെ വ്യക്തിഗത നേട്ടങ്ങള്‍ക്കായി വകമാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

Exit mobile version