പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന മണ്ണിടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പേരിൽ വന്ന പ്രസ്താവന അവാസ്തവവും പഞ്ചായത്തിനെ ബഹുജന മധ്യത്തിൽ താറടിച്ച് കാട്ടുന്നതിന് വേണ്ടിയുള്ളതുമാണെന്ന് പ്രസിഡന്റ് എൻ സലിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കോൺഗ്രസിന്റെ പത്രപ്രസ്താവനയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. മൈനിങ് ആന്റ് ജിയോളജി ജില്ലാ ഉദ്യോഗസ്ഥനെ പഞ്ചായത്തിൽ വിളിച്ചുവരുത്തി ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റും ഇടതുപക്ഷ ജനപ്രതിനിധികളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ മണ്ണ് ഖനനം ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല എന്നതാണ്. ചില പ്രദേശങ്ങളിൽ മണ്ണിടിക്കുന്നതിനെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം ആവശ്യമാണെന്നും പരിസ്ഥിതിലോല പ്രദേശങ്ങൾ ആയിട്ടുള്ള സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ അനുവദിക്കാൻ പാടില്ല എന്നും അസന്ദിഗ്ധമായി തന്നെ പഞ്ചായത്ത് നിലപാട് യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ശിവാലയ കമ്പനിക്ക് ജിയോളജി വകുപ്പ് നൽകിയ പെർമിറ്റ് റദ്ദ് ചെയ്യണമെന്നും, ആറ്റൂർ ഉൾപ്പെടെ പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് പാരിസ്ഥിതിക ആഘാത അതോറിറ്റിക്ക് സെപ്തംബര്‍ 11 ന് കത്തും നൽകി . 89676 മെട്രിക് ടൺ മണ്ണാണ് ഇവിടെ നിന്നു മാറ്റുന്നതിന് ജിയോളജി വകുപ്പ് അനുമതി നൽകിയിരിക്കുന്നത്.
പഞ്ചായത്തിന്റെ എതിർപ്പിനെ തുടർന്നാണ് ആറുമാസത്തോളം ഖനനം നീണ്ടു പോയത്. ഇപ്പോഴും ഈ പ്രദേശത്തെ ഖനനം അനുവദിക്കാൻ പാടില്ലെന്നും ജിയോളജി വകുപ്പ് നൽകിയ അനുമതി ഉത്തരവ് റദ്ദ് ചെയ്യണണെന്നുമാണ് പഞ്ചായത്ത് നിലപാട്. സർവ്വകക്ഷിയോഗം പ്രഹസനം എന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൻമാർ സർവകക്ഷി യോഗത്തിൽ ഖനനത്തെ കുറിച്ച് വ്യക്തമായ ഒരു നിലപാടും പറഞ്ഞിട്ടില്ല. മണ്ണെടുപ്പ് പാടില്ല എന്ന നിലപാട് യോഗത്തിൽ ഇടത് അംഗങ്ങളാണ് എടുത്തത്.
രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി നിരുത്തരവാദപരമായ പത്രപ്രസ്താവനകൾ നടത്തുന്നത് ചില താല്പര്യങ്ങളുടെ പേരിലാണ്. ഇവരുടെ ഈ അവസരവാദ നിലപാടിനെ തള്ളിക്കളയണം. മണ്ണ് ഖനന ഗ്രൂപ്പുമായി സംസാരിക്കുന്ന വേളയിൽ കോൺഗ്രസിന്റെ ജനപ്രതിനിധികൾ ഉണ്ടായിരുന്നു. മണ്ണ് ഖനനം ചെയ്യുന്ന കമ്പനി പറഞ്ഞ പല അഭിപ്രായത്തോടും കോൺഗ്രസ് പ്രതിനിധികൾ യോജിക്കുകയാണ് ഉണ്ടായത്. മൈനിങ് ആന്റ് ജിയോളജി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പഞ്ചായത്ത് യോഗം നടത്തിയത് നല്ല ഉദ്ദേശ്യത്തോടെയാണ്. മറ്റ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരം മണ്ണ് ഖനനവിഷയങ്ങൾ ജനങ്ങൾ ഉന്നയിച്ചാൽ ഇത്തരം നടപടികൾ അവിടെ എങ്ങും ഉണ്ടായിട്ടില്ല. എന്നാൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് ജനങ്ങളുടെ ആശങ്ക ബന്ധപ്പെട്ട സർക്കാർ വകുപ്പിനെ അറിയിക്കുകയും, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നിലപാടുമാണ് സ്വീകരിക്കുകയുമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ഖനനം നടന്നത് അറിഞ്ഞ സമയത്ത് തന്നെ അത് നിർത്തിവയ്ക്കാൻ വേണ്ട ഇടപെടൽ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥലം സന്ദർശിച്ച് പരിസരവാസികളുടെ പരാതികൾ കേട്ട് നടപടി സ്വീകരിക്കുകയായിരുന്നു. പഞ്ചായത്ത് മുന്നോട്ടുവെച്ച ആവശ്യം അവിടെ ഖനനം പാടില്ല എന്നാണ്. ജനങ്ങൾക്കൊപ്പമാണ് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി. ദേശീയപാത വികസനത്തിനായാലും മണ്ണെടുക്കുന്നത് മൂലം ഉള്ള പാരിസ്ഥിതിക ആഘാതവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട്. ജനങ്ങൾക്ക് ദോഷകരമായ മണ്ണ് ഖനനം പാടില്ല എന്നതാണ് പഞ്ചായത്തിന്റെ നയം .