Site iconSite icon Janayugom Online

മിൽമ കാലിത്തീറ്റ ഫാക്ടറിയിലെ ചോളം സ്റ്റോക്കിൽ കുറവെന്ന ആരോപണം തെറ്റ്

മിൽമയുടെ മലമ്പുഴ കാലിത്തീറ്റ ഫാക്ടറിയിലെ ചോളം സ്റ്റോക്കിൽ കുറവുണ്ടെന്ന ആരോപണം തെറ്റാണെന്ന് ക­ണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സമിതി. 2019 മുതൽ അക്യൂമിലേറ്റഡ് ലോസ് രേഖകളിൽ ചേർക്കുന്നതിൽ ഉണ്ടായിട്ടുളള വ്യത്യാസമാണ് സ്റ്റോക്ക് കുറവിന്റെ കാരണമെന്നും സ്റ്റോക്കിൽ കുറവ് കണ്ടെത്തിയിട്ടില്ലെന്നും സമിതിയുടെ അ­ന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കാലിത്തീറ്റ ഫാക്ടറികളിലെ അനുവദനീയമായ പ്രോസസിങ് ലോസിന്റെ പകുതിയിൽ താഴെ മാത്രമേ പ്രോസസ് ലോസ് ഇവിടെ കാണുന്നുള്ളൂവെന്നും അത് കൃത്യമായി കണക്കിൽ യഥാസമയം ചേർക്കാത്തതിനാലാണ് ബുക്സിലെയും സ്റ്റോക്കിലെയും വ്യത്യാസമെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചു.
ചോളത്തിന്റെ സ്റ്റോക്കിൽ കുറവുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്ന വസ്തുതകളൊന്നും രേ­ഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് ഇന്നലെ ചേർന്ന മിൽമ ഫെഡറേഷൻ ഭരണസമിതി വിലയിരുത്തി.
കർണാടക മിൽക്ക് ഫെഡറേഷൻ എഎച്ച് റിട്ട. ഡയറക്ടർ രാമചന്ദ്ര ഭട്ട്, എൻഡിഡിബി റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ (എന്‍ജിനീയറിങ്) യു ബി ദാസ് എന്നിവർ സാങ്കേതിക വിദഗ്ധരായും മിൽമ ഭരണസമിതി അംഗങ്ങളായ ജോണി ജോസഫ് (എറണാകുളം മേഖല), പി ശ്രീനിവാസൻ (മലബാർ മേഖല), കെ ആർ മോഹനൻ പിളള (തിരുവനന്തപുരം മേഖല) എന്നിവർ അംഗങ്ങളായും ഉൾപ്പെട്ട സമിതിക്കായിരുന്നു അ­ന്വേഷണ ചുമതല.
ഈ സമിതി ഇക്കഴിഞ്ഞ ഏഴ് മുതൽ 12വരെ കാലിത്തീറ്റ ഫാക്ടറികളിൽ സന്ദർശനം നടത്തി വിശദാംശങ്ങളും രേഖകളും പരിശോധിക്കുകയും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കളിൽ വ്യത്യാസമുണ്ടെന്ന ആരോപണത്തെ തു­ടർന്ന് ജൂലൈ ഏഴിന് ചേർന്ന മിൽമ ഭരണസമിതി യോഗമാണ് കമ്മിറ്റി രൂപീകരിച്ച് അന്വേഷണത്തിന് ചുമതലപ്പെടുത്താൻ തീരുമാനമെടുത്തത്.

you may also like this video;

Exit mobile version