Site iconSite icon Janayugom Online

റേഷന്‍ വിതരണത്തില്‍ സ്തംഭനാവസ്ഥയെന്ന ആരോപണം തെറ്റ്: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ സ്തംഭനാവസ്ഥയുണ്ടെന്ന ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജൂൺ മാസം 83.27 ശതമാനം കാർഡുടമകൾ ഭക്ഷ്യധാന്യം റേഷൻ കടകളിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. ഇതിൽ തന്നെ മുൻഗണനാ വിഭാഗത്തിൽ 96 ശതമാനം കാർഡുടമകളും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷൻ കടകളിലെത്തിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ യഥാസമയം എത്തിച്ചു നൽകുകയും ഗുണഭോക്താക്കൾ അത് കൈപ്പറ്റുകയും ചെയ്യുന്നുണ്ട് എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മോന്‍സ് ജോസഫ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

റേഷൻ വ്യാപാരികളുടെ വിവിധ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൻമേൽ വ്യാഴാഴ്ച ധനകാര്യ മന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. റേഷൻ വ്യാപാരികൾ മുന്നോട്ട് വച്ച ആവശ്യങ്ങളിൻമേൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും റേഷൻ വ്യാപാര മേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട് ലൈസൻസികൾക്ക് കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുക എന്നതാണ് ഇക്കാര്യത്തിലുള്ള സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. 

2018 ലാണ് റേഷൻ വ്യാപാരികളുടെ വേതനം ഒടുവിലായി പുതുക്കിയത്. എല്ലാ റേഷൻ വ്യാപാരികൾക്കും മിനിമം 18,000 രൂപ കമ്മിഷനായി ലഭിക്കണം എന്ന സമീപനമാണ് സർക്കാരിനുണ്ടായിരുന്നത്. ഓരോ റേഷൻ വ്യാപാരിയ്ക്കും വില്പനയ്ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള വിഹിതത്തിന്റെ 70 ശതമാനം വില്പന പൂർത്തിയാക്കണമെന്ന നിബന്ധനയോടെ ആയിരുന്നു ഇത്. നിലവിൽ സംസ്ഥാനത്തെ റേഷൻ വ്യാപാരികളിൽ 84.4 ശതമാനം പേർക്കും 18,000 രൂപയിൽ അധികം വേതനം ലഭിക്കുന്നുണ്ട്. ഇതിൽ തന്നെ 2500 ലധികം പേർക്ക് 30,000 രൂപയിലധികം പ്രതിമാസം ലഭിക്കുന്നു. 10,000 രൂപയിൽ താഴെ കമ്മിഷൻ ലഭിക്കുന്നത് 146 പേർക്ക് മാത്രമാണ്. സംസ്ഥാനത്തെ റേഷൻ വ്യാപാരി ഒരു കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്യുമ്പോൾ ശരാശരി 2.90 രൂപയാണ് കമ്മിഷൻ ഇനത്തിൽ ലഭിക്കുന്നത്. ഇത് മറ്റു സംസ്ഥാനങ്ങളിലെ റേഷൻവ്യാപാരികൾക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

റേഷൻ വ്യാപാരികളുടെ ജൂൺ മാസത്തെ കമ്മിഷൻ മാത്രമാണ് നിലവിൽ നൽകാൻ ബാക്കിയുള്ളത്. കാലതാമസം ഒഴിവാക്കി കമ്മിഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. കിറ്റ് കമ്മിഷൻ നൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കും. സംസ്ഥാന സർക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഒറ്റത്തവണയായി തുക കൊടുത്തു തീർക്കാൻ കഴിയാത്തതിനാൽ ഘട്ടം ഘട്ടമായി തുക വിതരണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. റേഷൻകടയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എടുക്കേണ്ടതായിട്ടുള്ള ലൈസൻസുകളുടെ ബാഹുല്യം കുറയ്ക്കുവാൻ കഴിയുമോ എന്ന കാര്യം സർക്കാർ പരിശോധിക്കുകയാണെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. 

Eng­lish Sum­ma­ry: The alle­ga­tion of stag­na­tion in ration dis­tri­b­u­tion is wrong: Min­is­ter GR Anil

You may also like this video

Exit mobile version