Site icon Janayugom Online

43 മണിക്കൂറത്തെ കാത്തിരിപ്പിന് വിജയം; മലയില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി

മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിലെ പാറക്കെട്ടിനുള്ളില്‍ 45 മണിക്കൂറുകളോളം കുടുങ്ങിയ യുവാവിനെ സെെനികര്‍ രക്ഷപ്പെടുത്തി. ചെങ്കുത്തായ മലയിൽ കയറിലൂടെ ഇറങ്ങിയ സൈനികൻ സുരക്ഷാ ജാക്കറ്റിട്ട് ചേർത്തുപിടിച്ച് രണ്ടുദിവസം ദുരന്തമുഖത്തു നിന്ന മലമ്പുഴ ചേറാട് റഷീദയുടെ മകന്‍ ബാബുവിനെ മുകളിലേക്ക് എത്തിക്കുകയായിരുന്നു. മലമുകളില്‍ സുരക്ഷിത സ്ഥലത്ത് എത്തിയപ്പോള്‍ ജീവന്‍ രക്ഷിച്ച സൈനികരെ ബാബു കെട്ടിപ്പുണര്‍ന്ന് ചുംബിച്ചു. രക്ഷാദൗത്യം പൂർത്തിയായതോടെ മലമുകളില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി പാലക്കാട് നഗരത്തിലും അവിടെ നിന്നും ആംബുലന്‍സ് വഴി ജില്ലാ ആശുപത്രിയിലും ബാബുവിനെ എത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളോ മുറിവുകളോ ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കേണൽ ശേഖർ അത്രിയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനിക സംഘത്തിന്റെ നായകന്‍. മലയാളിയായ ലഫ്. കേണൽ ഹേമന്ത് രാജും സംഘത്തിലുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തില്‍ ദുരന്തനിവാരണപ്രവര്‍ത്തനത്തിന് എത്തിയ സംഘത്തിലും ഹേമന്ത് രാജ് ഉണ്ടായിരുന്നു. ചെങ്കുത്തായ മലയിലാണ് രക്ഷാപ്രവർത്തനം എന്നതുകൊണ്ട് എവറസ്റ്റ് കയറി പരിചയമുള്ള രണ്ടു സൈനികരെയും ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സഹായാഭ്യര്‍ത്ഥനയെത്തുടര്‍ന്ന് കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ ആണ് പ്രത്യേക സൈനികസംഘത്തെ ബംഗളുരുവിൽ നിന്ന് അയച്ചത്. 

കരസേനയുടെ മറ്റൊരു യൂണിറ്റും ഊട്ടി വെല്ലിങ്ടണിൽ നിന്ന് അപകടസ്ഥലത്തെത്തി. രക്ഷാപ്രവർത്തകർക്ക് സുഗമമായി എത്താൻ വാളയാർ മുതൽ മലമ്പുഴ വരെയുള്ള റോഡിൽ പൊലീസ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സൈന്യത്തിന് വേണ്ട സഹായം നല്‍കാന്‍ ജില്ലാഭരണകൂടവും ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ മെഡിക്കൽ ഓഫീസർ കെ പി റീത്തയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സര്‍വ്വസന്നാഹങ്ങളും ഒരുക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30ന് കയറിത്തുടങ്ങിയ സംഘം നാലുമണിക്കൂറോളമെടുത്താണ് മലമുകളിലെത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ സൈനികരില്‍ ഒരാൾ കയറിൽ തൂങ്ങി ബാബുവിന്റെ സമീപമെത്തി കുടിക്കാൻ വെള്ളവും ലഘുഭക്ഷണവും നൽകി. ആത്മവിശ്വാസവും ധൈര്യവും കൈവിടാതെ പാറയിടുക്കില്‍ കഴിഞ്ഞിരുന്ന ബാബുവിനെ കമാന്‍ഡോ ശരീരത്തോട് ബന്ധിച്ച് മുകളിലേക്ക് കയറ്റുകയായിരുന്നു. മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് തിങ്കളാഴ്ച ഉച്ചയ്ക്കു ബാബു മലകയറിയത്. ഇറങ്ങുന്നതിനിടെ കാൽവഴുതി ചെങ്കുത്തായ മലഞ്ചെരിവിലൂടെ വീണ് പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു. ബാബു തന്നെയാണ് മൊബൈല്‍ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും ജില്ലാ ഭരണകൂടവും പൊലീസും ദുരന്തനിവാരണസേനയും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും പാറയിടുക്കിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയത്.

 

Eng­lish summary;The army res­cued Babu who was trapped in the mountain

you may also like this video;

Exit mobile version