ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം ജിഷ മോളെ മാറ്റിയത്. റിമാൻഡ് ചെയ്ത് മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ജിഷയെ കഴിഞ്ഞദിവസം രാത്രിയിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ കോടതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് മാനസികാരോഗ്യ പരിശോധനയ്ക്ക് കോടതി നിർദേശിച്ചത്.
ജിഷയെ ഏതാനും ദിവസം മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും. തുടര്‍ന്ന് ഡോക്ടർമാരുടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുകയും ചെയ്യും. ഇതിനു ശേഷമേ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുകയുള്ളൂ. കള്ളനോട്ടിന്റെ ഉറവിടം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്താൻ ജിഷ തയ്യാറായില്ല. പൊലീസിനോട് പരസ്പര വിരുദ്ധമായാണ് ഇവര്‍ സംസാരിച്ചത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് പൊലീസ് പറയുന്നു. എടത്വ കൃഷി ഓഫീസറായ ജിഷമോളെ കള്ളനോട്ട് കേസിൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ജിഷയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഇവരുടെ പക്കല്‍ നിന്ന് ലഭിച്ച ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജിഷമോള്‍. മോഡലിങ് രംഗത്തും ജിഷ സജീവാണ്.
English Summary;The arrested female agriculture officer was shifted to a mental health facility
You may also like this video