സാക്ഷര കേരളത്തിന്റെ സാംസ്കാരിക മഹത്വത്തിലേക്ക് ചെളിവാരിയെറിയുകയാണ് മതങ്ങൾ. കലാമണ്ഡലം ഹൈദരലിക്കും പി എം ആന്റണിക്കും അറബ് കവിതയും കഥയുമൊക്കെ പഠിപ്പിക്കാൻ യോഗ്യത നേടിയ ഗോപാലികയ്ക്കും നേരിടേണ്ടിവന്ന മതഭീഷണിയുടെ വൈറസ് ഇപ്പോഴും അവിടവിടെ അവശേഷിക്കുകയാണ്.
മതങ്ങൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് കലാരൂപങ്ങളെയാണ്. മതാതീതമായ അതിന്റെ ആസ്വാദനവും ആർക്കും പഠിച്ചെടുക്കാവുന്ന ആകർഷകത്വവും മതപൗരോഹിത്യത്തിന്റെ സ്ഥാപിത താല്പര്യങ്ങളെ ഹനിക്കുമെന്ന് അവർക്കറിയാം. ആസ്വാദനത്തിനോ അഭ്യസനത്തിനോ ഒരു തടസവും അടിസ്ഥാനപരമായി ഇല്ലല്ലോ.
പുതുതായി നാടിനെ നാണിപ്പിക്കുന്ന സംഭവങ്ങൾ, മൻസിയ എന്ന നർത്തകിയെ മതപരമായ കാരണത്താൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവപരിപാടിയിൽ നിന്നു ഒഴിവാക്കിയതും വിനോദ് പണിക്കർ എന്ന മറത്തുകളി കലാകാരനെ കരിവെള്ളൂരെ കുണിയൻപറമ്പത്തു ക്ഷേത്രത്തിലെ പൂരക്കളിയിൽ നിന്ന് മാറ്റിനിർത്തിയതുമാണ്. ഒരാൾ മുസ്‌ലിമായതാണ് കാരണമെങ്കിൽ, വിനോദ് പണിക്കരെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ മകൻ ഇസ്‌ലാം മതത്തിൽപ്പെട്ട യുവതിയെ സഹധർമ്മിണിയാക്കിയതാണ്.
ഒന്ന് മതാതീതമായി ആസ്വദിക്കാൻ കഴിയുന്ന, ശാകുന്തള തുല്യമായ നളചരിതമെഴുതിയ ഉണ്ണായിവാര്യരുടെയും കൂടിയാട്ടത്തിലൂടെ ഏതു മതത്തിൽ പെട്ടവരുടെയും മനസിൽ പതിഞ്ഞ അമ്മന്നൂർ മാധവചാക്യാരുടെയും നാട്ടിലാണെങ്കിൽ മറ്റൊന്ന് ഹൃദയപക്ഷ സംസ്കാരത്തിന്റെ ഈറ്റില്ലമായ കരിവെള്ളൂരാണ്.
ഇസ്‌ലാം മതപരിസരമുള്ള ഒരു പെൺകുട്ടി ഭരതനാട്യം പഠിച്ചാൽ എന്താണ് കുഴപ്പം? എത്രയോ ആസ്വാദകരുടെ മുന്നിൽ തന്റെ നൃത്തവൈദഗ്ധ്യം തെളിയിച്ചതിനു ശേഷമാണ് ആ കലാകാരി കൂടൽമാണിക്യം ക്ഷേത്രത്തോളം എത്തിയത്. മുസ്‌ലിം ആണെന്ന ഒറ്റക്കാരണത്താൽ ഗുരുവായൂരിൽ നിന്നും ഈ അനുഭവം മുൻപ് ഉണ്ടായതായി ഈ കലാകാരി പറയുന്നുണ്ട്. ശബരിമല അയ്യപ്പന്റെയും വാവരുടെയും സൗഹൃദത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണോ ഈ ലജ്ജാകരമായ തീരുമാനമെടുത്തത്? സൗമ്യ സുകുമാരനെ പരിപാടി അവതരിപ്പിക്കുവാൻ അനുവദിക്കാതിരുന്നതും മതപരമായ കാരണങ്ങളാലാണെന്നും ആരോപണമുണ്ട്. ക്രിസ്തുമതത്തിൽപ്പെട്ടതായിരുന്നു ആ കലാകാരിക്കുള്ള അയോഗ്യതയായതെന്നും കേൾക്കുന്നുണ്ട്.
ഇതുകൂടി വായിക്കൂ: സാറാമ്മയും കേശവന്‍നായരും ഒരു വെളിച്ചപ്പാടും
ഭരതനാട്യം ഒരു വേദിയിൽ അവതരിപ്പിക്കുന്നത് ദീർഘകാലത്തെ പരിശ്രമങ്ങളുടെ സാക്ഷാല്ക്കാരമായിട്ടാണ്. മൻസിയ എത്ര കഠിന പരിശ്രമങ്ങളിലൂടെയാണ് ഓരോ മുദ്രയും പദചലനങ്ങളും ഭാവവും സ്വായത്തമാക്കിയത്. അതൊന്നും മതാന്ധവിശ്വാസികൾക്ക് വിഷയമല്ലല്ലോ. ജനനം എന്ന ആകസ്മികതകൊണ്ട് ഒരാൾ ഒരു മതത്തിൽപ്പെട്ടുപോകുന്നത് ഒരു അയോഗ്യതയാകുന്നതെങ്ങനെ? മതാതീതസ്നേഹത്തിലുള്ള വിശ്വാസത്തിലൂടെ വിവാഹിതയായ ഈ നർത്തകി മൻസിയ ശ്യാം കല്ല്യാൺ എന്ന പേരിലാണ് നൃത്തപരിപാടികൾ അവതരിപ്പിക്കുന്നത്. അത്, വിവാഹാനന്തരം ഹിന്ദുമതത്തിൽ ചേർന്നോ എന്ന അന്വേഷണത്തിനു പോലും കാരണമായി.
ഇതേതു കേരളമാണ്? ഭ്രാന്താലയമെന്നു പേരു മാറ്റണമെന്നതിന്റെ സൂചനയാണോ ഈ മതഭ്രാന്ത്? 2022 ഏപ്രിൽ 21നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇനിയും സമയമുണ്ട്. അധികാരികൾ അടിയന്തരമായി ഇടപെടേണ്ടതാണ്. കേരളത്തിന് അപമാനകരമായ ഈ തീരുമാനത്തിൽ നിന്നു സംഘാടകസമിതി പിൻമാറുമെന്നും കരുതുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിന് ബുദ്ധ ജൈന സംസ്കാരങ്ങളുടെ ചരിത്രംപോലുമുണ്ട്. അവിടത്തെ ചരിത്രപ്രസിദ്ധമായ കൂത്തമ്പലം കാണാനായി, സാംസ്കാരിക പ്രവർത്തകനും ഇന്നത്തെ തൃശൂർ നഗരസഭാംഗവുമായ ഐ സതീഷ്‌കുമാറിനൊപ്പം ഞാനും പോയിട്ടുണ്ട്. ഈ ഈടുവയ്പ്പുകൾ എല്ലാവർക്കുമായി തുറന്നുകൊടുക്കേണ്ടതാണ്.
കരിവെള്ളൂരെ കാര്യം രസകരമാണ്. ശിക്ഷിക്കപ്പെട്ട വിനോദ് പണിക്കർ കുറ്റക്കാരനല്ല. അദ്ദേഹത്തിന്റെ മകൻ, മുസ്‌ലിം സമൂഹത്തിൽപ്പെട്ട ഒരു യുവതിയെ സഹധർമ്മിണിയാക്കിയതാണ് പ്രശ്നം. മതാന്ധവിശ്വാസികളുടെ കാഴ്ചപ്പാടിൽ മകൻ ചെയ്ത കുറ്റത്തിന് അച്ഛൻ ശിക്ഷിക്കപ്പെടും! പൂരക്കളിയുടെ ഭാഗമായി നടത്തുന്ന മറത്തുകളി അസാധാരണമായ ഒരു ജ്ഞാനപ്രകടനമാണ്. ഇന്ത്യൻ പുരാണങ്ങളും വേദങ്ങളും വാസ്തുവിദ്യയും നാട്യശാസ്ത്രവുമൊക്കെ നന്നായി അറിയുന്ന പണ്ഡിതൻമാർക്കെ ഈ സംവാദത്തിൽ പങ്കെടുക്കാൻ കഴിയൂ.
ഇതുകൂടി വായിക്കൂ: ഭ്രാന്തുമരത്തിന്റെ വിത്തുകൾ
കടവല്ലൂർ അന്യോന്യത്തിലെ പാണ്ഡിത്യ പ്രകടനത്തിൽ പങ്കെടുക്കുന്നത് മനുസ്മൃതിയിലെ സംവരണാനുകൂല്യങ്ങളെല്ലാം യഥേഷ്ടം അനുഭവിച്ച ബ്രാഹ്മണരാണെങ്കിൽ മറുത്തുകളിയിൽ വർണവ്യവസ്ഥയ്ക്ക് പുറത്തുള്ളവരാണ്. വിഗ്രഹം പ്രതിഷ്ഠിക്കാൻ മറ്റുള്ളവർക്കും അവകാശവും അധികാരവും ഉണ്ടെന്ന് തെളിയിച്ച നാരായണഗുരുവിന്റെ പിൻമുറക്കാരാണ്. തീയർക്കും മണിയാണികൾക്കും ബ്രാഹ്മണരെ പോലെതന്നെ ജ്ഞാനസമ്പാദനത്തിനും പണ്ഡിതനായ അധ്യക്ഷന്റെ സാന്നിധ്യത്തിലുള്ള അവതരണത്തിനും അവകാശമുണ്ടെന്ന് ഈ സംവാദകല തെളിയിക്കുന്നു. മഹാകവി കുട്ടമത്തൊക്കെ ഈ വിജ്ഞാനസദസിൽ സന്നിഹിതരായിട്ടുണ്ട്.
വി പി ദാമോദരൻ പണിക്കർ തുടങ്ങിയ പണ്ഡിതശ്രേഷ്ഠർ സമകാലീന രാഷ്ട്രീയം പോലും ഈ സംവാദത്തിൽ ഇടകലർത്തി ശ്രദ്ധാലുക്കളുടെ മനസു കവർന്നിട്ടുണ്ട്. ദേശീയ കവിസമ്മേളനത്തിൽ ഞാനവതരിപ്പിച്ച ‘രാഹുലൻ ഉറങ്ങുന്നില്ല’ എന്ന കവിതയിലെ ‘ശവദർശനം’ എന്ന പ്രയോഗത്തിന്റെ സാധുതയെകുറിച്ചും അസാംഗത്യത്തെ കുറിച്ചും മറത്തുകളി വിദഗ്ധനായ പൊക്കേട്ടൻ, കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ വച്ച് വിശദീകരിച്ചത് ഞാനോർക്കുന്നു.
പൂരക്കളി അക്കാദമിയുടെ പുരസ്കാര ജേതാവായ വിനോദ് പണിക്കർ, മകൻ ജീവിതപങ്കാളിയാക്കിയ മുസ്‌ലിം യുവതിയെ മതംമാറാൻ നിർബന്ധിച്ചില്ല. ഇരുവരെയും വീട്ടിൽ നിന്നും ഇറക്കിവിട്ടില്ല. രണ്ടുകൂടുംബങ്ങളും മതാതീതസ്നേഹത്തോടെ കഴിയുന്നു, പോരാട്ടഭൂമിയുടെ കതിർക്കുലകളായി. ഇതായിരിക്കാം കുണിയൻപറമ്പത്തെ പാരമ്പര്യ വാദികളിൽ അതൃപ്തി ജനിപ്പിച്ചത്.
ഇതുകൂടി വായിക്കൂ: എന്‍മകജെ കേരളത്തിലാണ്
കുഞ്ഞിമംഗലം ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് ഉയർന്നപ്പോഴേ ഭയപ്പെട്ടതാണ്, ജാതി വ്യത്യാസം കൂടാതെ ജീവിക്കാനായി സമരംചെയ്ത ചരിത്രമുള്ള പയ്യന്നൂരിന് എന്തു സംഭവിച്ചു എന്ന ആശങ്ക. ഇപ്പോഴിതാ തൊട്ടടുത്തുള്ള കരിവെള്ളൂരിൽ മതം അതിന്റെ ചോരപ്പല്ല് പുറത്തുകാട്ടിയിരിക്കുന്നു.
മതാതീത സാംസ്കാരിക യാത്രയോടനുബന്ധിച്ച് വെള്ളൂർ ജവഹർ ലൈബ്രറി സംഘടിപ്പിച്ച മനുഷ്യസംഗമം ഓർമ്മയിലെ സ്നേഹശൈലമാണ്. ഉമ്മച്ചിത്തെയ്യവും മാപ്പിളത്തെയ്യവും ഒക്കെയുള്ള മതാതീത സൗഹൃദത്തിന്റെ മുദ്രപതിഞ്ഞ നാടാണ്. രാമവില്ല്യം കഴകത്തിലെ പെരുംകളിയാട്ടത്തിന് ഇസ്‌ലാം മതവിശ്വാസികളുടെ അഭിവാദ്യം ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. സമീപസ്ഥലമായ കരിവെള്ളൂരിൽ നിന്നു കുഴിച്ചുമൂടിയ ഒരു ഹീനസംസ്കാരത്തിന്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നതു സങ്കടകരമായ കാര്യമാണ്.
കലാരൂപങ്ങൾ അനുഷ്ഠാനരീതിയിൽ നിന്നും മോചിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പൊതുവേദിയിൽ ജാതിമതങ്ങൾക്ക് അതീതമായി ഇവ അവതരിപ്പിക്കുവാനുള്ള അരങ്ങുകൾ ഉണ്ടാകേണ്ടതുണ്ട്. ജാതീയതയിൽ നിന്നുകൂടി ഈ കലാരൂപങ്ങളെ അടർത്തി മാറ്റേണ്ടതുണ്ട്. തെറ്റുകൾ തിരുത്തപ്പെടുമെന്ന് തന്നെ കരുതുന്നു.